എഡിജിപി എം.ആര്‍.അജിത് കുമാറിന്റെ ശബരിമല സന്നിധാനത്തേക്കുള്ള വിവാദ ട്രാക്ടര്‍ യാത്ര ദൗർഭാഗ്യകരമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് . സംഭവത്തിൽ പത്തനംതിട്ട എസ്പിയും, തിരുവിതാംകൂർ ദേവസ്വം ബോര്‍ഡും റിപ്പോർട്ട് നല്‍കണം. മലയാളത്തിൽ വകതിരിവ് എന്നൊരു വാക്കുണ്ടെന്നും അത് കോളജില്‍ പോയാല്‍ പഠിക്കണമെന്നില്ലെന്നും മന്ത്രി കെ.രാജന്‍ അജിത്കുമാറിനെ പരിഹസിച്ചു. 

ശബരിമല സന്നിധാനത്തേക്ക് സാധന സാമഗ്രികൾ കൊണ്ടുപോകാൻ മാത്രമാണ് ഇപ്പോള്‍ ട്രാക്ടർ ഉപയോഗിക്കുന്നത്. ഇതിൽ യാത്ര ചെയ്യാൻ പാടില്ലെന്ന് 2021 നവംബർ 25ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനിൽക്കുമ്പോൾ എഡിജിപി എം.ആർ.അജിത് കുമാർ ട്രാക്ടറിൽ സന്നിധാനത്തേക്ക് പോയത് ദൗർഭാഗ്യകരം എന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്. അജിത് കുമാറിന്റെ പ്രവര്‍ത്തി മനപൂര്‍വമാണ്. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കാമായിരുന്നല്ലോയെന്ന് കോടതി ചോദിച്ചു. വിഷയത്തിൽ പത്തനംതിട്ട എസ്പിയും, തിരുവിതാംകൂർ ദേവസ്വം ബോര്‍ഡും വിശദീകരണം നല്‍കണം. സ്വാമി അയ്യപ്പന്‍ റോഡ് വഴി ആരും നിയമ വിരുദ്ധമായി യാത്ര ചെയ്യരുതെന്നും ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് ഓർമിപ്പിച്ചു. വിഷയം തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. അതിനിടെ വിവാദ ട്രാക്ടർ യാത്രയിൽ അജിത് കുമാറിനെ പരിഹരിച്ച് മന്ത്രി കെ.രാജൻ രംഗത്തെത്തി.

ENGLISH SUMMARY:

The Kerala High Court’s Devaswom Bench termed ADGP M.R. Ajith Kumar’s controversial tractor ride to Sabarimala Sannidhanam as unfortunate. The court has sought reports from the Pathanamthitta SP and Travancore Devaswom Board. Minister K. Rajan took a jibe at Ajith Kumar, saying “you don’t need college to learn the meaning of ‘discretion’ in Malayalam.”