സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപതു ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളം കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഞായറാഴ്ച വരെ മഴ തുടരും.
പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകൾ, അണക്കെട്ടുകളുടെ, താഴ്ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.
ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.
സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ
കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫെയ്സ്ബുക്ക്, എക്സ് പേജുകള്‍ പരിശോധിക്കുക.
ENGLISH SUMMARY:
The India Meteorological Department (IMD) has issued rain alerts for all districts in Kerala today, with Orange Alerts in five districts and Yellow Alerts in nine. The districts under Orange Alert — indicating the possibility of very heavy rainfall — are Idukki, Ernakulam, Thrissur, Kannur, and Kasaragod.
Yellow alerts have been declared in the remaining districts, warning of heavy rain.
Fishermen have been barred from venturing into the sea along the Kerala, Karnataka, and Lakshadweep coasts until Saturday, due to strong winds and rough sea conditions. Rainfall is expected to continue through Sunday.