യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയ്ക്ക് ആശ്വാസമായി ഇന്നാണ് വധശിക്ഷ മാറ്റിവച്ചുള്ള ഉത്തരവ് പുറത്തുവന്നത്. വധശിക്ഷ നടപ്പിലാക്കേണ്ട സമയത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഉത്തരവ് വന്നതെങ്കിലും ഇതില്‍ ഞായറാഴ്ച തന്നെ തീരുമാനം എടുത്തിരുന്നു.
വധശിക്ഷ മാറ്റി വെച്ചുള്ള തീരുമാനം ഞായറാഴ്ച കൈക്കൊണ്ടിരുന്നു. ഉത്തരവിറങ്ങിയത് ഇന്നലെ. കൊല്ലപ്പെട്ട തലാലിന്റെ ഗ്രാമത്തിലും ഗോത്രത്തിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനാണ് ഈ വിവരങ്ങള്‍ ഇത്രയും നേരെ രഹസ്യമാക്കിവെച്ചത്. കൊല്ലപ്പെട്ടയാളുടെ കുടുംബം ദയാധനം സ്വീകരിച്ച് മാപ്പ് നൽകുന്നതിനായുള്ള ശ്രമങ്ങളാണ് ഇനി മുന്നോട്ട് പോകേണ്ടത്.
തലാലിന്റെ കുടുംബം ദയാധനം സ്വീകരിക്കാതെയും സ്വീകരിച്ചും മാപ്പ് നല്‍കാനുള്ള സാധ്യതയുണ്ട്. പത്ത് ലക്ഷം ഡോളര്‍ വൈദ്യസഹായം ജോലി എന്നിവ വാഗ്ദാനം ചെയ്തെങ്കിലും തലാലിന്റെ കുടുംബം ഇതുവരെ വഴങ്ങിയിട്ടില്ല. കൃത്യമായ ഒരു തുക അവർ ചോദിച്ചിട്ടുമില്ല.
കേന്ദ്രസർക്കാർ അനൗദ്യോഗിക തലത്തിൽ നടത്തുന്ന ശ്രമങ്ങൾ തുടരും. നിമിഷ പ്രിയ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന വിവരം പുറത്തുകൊണ്ടുവന്ന മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജോറോം, അഭിഭാഷകർ, എംബസി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഈ ശ്രമങ്ങൾ. കാന്തപുരം എപി അബൂബക്കർ മുസലിയാരുടെ നിർദ്ദേശപ്രകാരം യമനിലെ സൂഫി പണ്ഡിതൻ ശൈഖ് ഹബീബ് ഉമർ ബിൻ അൽ നടത്തുന്ന ചർച്ചകളും ഗുണകരമായി.
ഇതിന് പുറമേ സേവ് നിമിഷപ്രിയ ഇന്റർ നാഷണൽ ആക്ഷൻ കൗൺസിൽ ദയാധനം സ്വരൂപിച്ചും നിയമ വഴിയിലൂടെയും സഹായം എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ചാണ്ടി ഉമ്മനും അമ്മ മറിയാമ്മയും നിമിഷപ്രിയയുടെ ഭർത്താവ് ടോമിയും കണ്ടതിന് പിന്നാലെ ഗവർണർ രാജേന്ദ്രൻർക്കും വിഷയത്തിൽ ഇടപെട്ടിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്ത് നൽകി അബ്ദുൾ റഹീം സഹായസമിതി പോലെയുള്ള സംഘടനകളും ഗൾഫിലും കേരളത്തിലുമുള്ള ബിസിനസുകാരും ഇവർക്ക് പിന്തുണയായി എത്തിയിട്ടുണ്ട്.
നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കാൻ തീരുമാനിച്ചെന്ന വാർത്ത വെള്ളിയാഴ്ച പുറത്തുവിട്ട മനോരമ ന്യൂസ് തന്നെയാണ് ശിക്ഷ മാറ്റിവച്ചുവെന്ന വാർത്ത ആദ്യം സ്ഥിരീകരിച്ചതും.