വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. തലാലിന്‍റെ കുടുംബത്തിന്‍റെ സമ്മതമില്ലാതെയാണ് നടപടി. യെമന്‍ ഭരണകൂടമാണ് വധശിക്ഷ മാറ്റിവയ്ക്കാന്‍ ഉത്തരവിട്ടത്. വസാബിയിലെ ഷെയ്ഖ് ഇടപെട്ടതോടെയാണ് തീരുമാനമായത്. വസാബി മേഖലയിലാണ് തലാലിന്‍റെ കുടുംബം താമസിക്കുന്നത്. തലാലിന്‍റെ കുടുംബവുമായി ചര്‍ച്ച തുടരണമെന്നാണ് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ദയാധനം, മാപ്പ് എന്നിവയില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.
വധശിക്ഷ മാറ്റിവച്ച വിവരം യെമനില്‍ നിന്നും സാമുവല്‍ ജെറോ സ്ഥിരീകരിച്ചു. നാളെ വധശിക്ഷ നടപ്പിലാക്കാനിരിക്കെയാണ് ഏറെ ആശ്വാസം പകരുന്ന തീരുമാനം പുറത്തുവന്നിരിക്കുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ കാന്തപുരം അബുബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ചര്‍ച്ചകളും ഇടപെടലുകളും നടന്നിരുന്നു.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണു നിമിഷപ്രിയ. 2015 യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ ക്ലിനിക് ആരംഭിച്ചിരുന്നു. പിന്നീട് സഹപ്രവര്‍ത്തകയുമായി ചേര്‍ന്ന് തലാലിനെ കൊന്നുവെന്നാണ് കേസ്. ഈ കേസിൽ അറസ്റ്റിലായതു മുതൽ ജയിലിലാണു നിമിഷപ്രിയ. കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ 2020ലാണ് വധശിക്ഷ വിധിച്ചത്. ഈ തീരുമാനം ഹൂതി സുപ്രീം കൗണ്‍സില്‍ അംഗീകരിച്ചിരുന്നു.