അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള നിയമനിർമാണത്തിൽ നിലപാട് മാറ്റി സംസ്ഥാന സർക്കാർ. നിയമനിർമാണം സജീവ പരിഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സജീവ പരിഗണന എത്രകാലത്തേക്കെന്ന് കൃത്യമായി അറിയിക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചു
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള നിയമനിർമാണത്തിൽ നിന്നുള്ള സംസ്ഥാന സർക്കാരിന്റെ യൂടേൺ വലിയ വിമർശനത്തിനിടയാക്കിയിരുന്നു. എന്നാൽ നിയമനിർമ്മാണത്തിൽ നിന്നും പിന്നോട്ട് പോകാനുള്ള കാരണങ്ങൾ വ്യക്തമാക്കണമെന്നായിരുന്നു ഹൈക്കോടതി നിലപാട്. തുടർന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് നിയമനിർമ്മാണം സജീവ പരിഗണനയിലാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. സജീവ പരിഗണനയെന്നാല്‍ എത്രകാലത്തേക്കെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. കൃത്യമായ സമയപരിധി അറിയിക്കാന്‍ സര്‍ക്കാരിനോട് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. നിയമനിര്‍മ്മാണത്തില്‍ നിയമപരവും ഭരണഘടനാപരവുമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു സര്‍ക്കാർ അറിയിച്ചത്. പ്രശ്നങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാക്കി അധിക സത്യവാങ്മൂലം നല്‍കാന്‍ സർക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. നിര്‍ദിഷ്ട നിയമ നിര്‍മ്മാണത്തില്‍ തീരുമാനം എന്നെടുക്കാന്‍ കഴിയുമെന്നും അറിയിക്കണം. ഇലന്തൂർ ഇരട്ട നരബലിയുടെ പശ്ചാത്തലത്തില്‍ കേരള യുക്തിവാദി സംഘം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. പൊതുതാല്‍പര്യ ഹര്‍ജി ഓഗസ്റ്റ് അഞ്ചിന് കോടതി വീണ്ടും പരിഗണിക്കും. നിയമനിർമ്മാണം നയപരമായ തീരുമാനം എന്നായിരുന്നു സർക്കാർ നേരത്തെയെടുത്ത നിലപാട്.