തിരുവനന്തപുരത്തെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പിലെ പ്രതിയായ കോണ്‍ഗ്രസ് നേതാവ് അനന്തപുരി മണികണ്ഠന് വേണ്ടി ലുക്കൗട്ട് നോട്ടീസ്. അമേരിക്കന്‍ മലയാളിയുടെ കോടികള്‍ വിലമതിക്കുന്ന വീടും ഭൂമിയും തട്ടിയെടുത്തതിന്‍റെ കൂടുതല്‍ തെളിവുകള്‍ മണികണ്ഠന്‍റെ ഓഫീസില്‍ നിന്ന് കണ്ടെടുത്തു. എന്നാല്‍ ഇതുവരെ മണികണ്ഠനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് തയാറായിട്ടില്ല.
തലസ്ഥാന നഗരത്തിലെ കണ്ണായ സ്ഥലം, ജവഹര്‍ നഗര്‍. അവിടത്തെ ഏഴ് കോടിയിലധികം വിലമതിക്കുന്ന വീടും പുരയിടവുമാണ് കോണ്‍ഗ്രസ് നേതാവ് അനന്തപുരി മണികണ്ഠനും സംഘവും ചേര്‍ന്ന് തട്ടിയെടുത്തത്. വര്‍ഷങ്ങളായി അമേരിക്കയിലുള്ള ഡോറ ക്രിപ്സിന്‍റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. ഇവരായും വളര്‍ത്തുമകളായും ആള്‍മാറാട്ടം നടത്തി ഭൂമി തട്ടിയെടുത്ത് മറിച്ചുവില്‍ക്കുകയായിരുന്നു. ഇതിന് ചരടുവലിച്ചത് കോണ്‍ഗ്രസ് നേതാവും ആധാരം എഴുത്തുകാരനുമായ അനന്തപുരി മണികണ്ഠനാണെന്ന് പൊലീസ് ഉറപ്പിച്ചു.
ഭൂമിയുടെ കൈമാറ്റത്തിന്‍റെ വിവിധ രേഖകള്‍ മണികണ്ഠന്‍റെ ഓഫീസിലെ റെയ്ഡില്‍ പൊലീസ് പിടിച്ചെടുത്തു. എന്നാല്‍ മണികണ്ഠന്‍ ഒരാഴ്ചയിലേറെയായി ഒളിവിലാണ്. ഇതോടെയാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കി കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനിലും വിമാനത്താവളങ്ങളിലും കൈമാറാന്‍ പൊലീസ് തീരുമാനിച്ചത്. ഇന്നോ നാളയോ നോട്ടീസ് പ്രസിദ്ധീകരിക്കും.
തട്ടിപ്പ് വ്യക്തമായിട്ടും മണികണ്ഠനെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്‍റേത്. മണികണ്ഠനെതിരെ നടപടിയെടുക്കാന്‍ പോയിട്ട് ആരോപണത്തില്‍ പ്രതികരിക്കാന്‍ പോലും കോണ്‍ഗ്രസ് തയാറായിട്ടില്ല. കഴിഞ്ഞ തദേശ തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനിലെ ആറ്റിങ്ങല്‍ വാര്‍ഡില്‍ സ്ഥാനാര്‍ഥിയായിരുന്ന മണികണ്ഠന് കോണ്‍ഗ്രസുമായി വലിയ ബന്ധമില്ലെന്ന ന്യായീകരണ ക്യാപ്സൂളാണ് ഡിസിസി നേതൃത്വം ഇറക്കുന്നത്.