സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം F 35B ബുധനാഴ്ചയോടെ സജ്ജമായേക്കും. നാളെയോടെ സാങ്കേതിക പ്രശ്നം പരിഹരിക്കാനാവുമെന്ന് ബ്രിട്ടണില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനെ അറിയിച്ചതായാണ് വിവരം. എന്നാല്‍ ഇക്കാര്യം ഹൈക്കമ്മീഷന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എഞ്ചിനീയര്‍മാര്‍ സാങ്കേതിക പ്രശ്നം കണ്ടെത്തിക്കഴിഞ്ഞുവെന്നും അത് പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണെന്നും വിമാനത്താവള വൃത്തങ്ങള്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
വിമാനം സജ്ജമായാലും ടേക്ക് ഓഫും ലാന്‍ഡിങ്ങും പരീക്ഷിച്ചതിന് ശേഷമാകും തിരുവനന്തപുരത്ത് നിന്നും പറന്ന് ഉയരുക.
അറബിക്കടലില്‍ ഇന്ത്യയുമായി സംയുക്ത സൈനിക അഭ്യാസത്തിന് വന്നതായിരുന്നു F35 B. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് അറബിക്കടലിലുള്ള ബ്രിട്ടണിന്‍റെ വിമാനവഹിനി കപ്പലായ HNS പ്രിൻസ് ഓഫ് വെയ്ൽസിലേക്ക് യുദ്ധവിമാനത്തിന് തിരിച്ചിറങ്ങാനായില്ല. തുടര്‍ന്ന് ഇന്ത്യന്‍ അധികൃതരുടെ സഹായത്തോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കഴിഞ്ഞമാസം 14ന് രാത്രി അടിയന്തിരമായി ഇറക്കിയത്.
ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനമായ എഫ്-35 തിരുവനന്തപുരത്തെത്തിയിട്ട് ഒരു മാസമാകുന്നു. 22 ദിവസം വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാവലയത്തിലായിരുന്ന വിമാനം ഇപ്പോള്‍ വിമാന അറ്റകുറ്റപ്പണി നടത്തുന്ന എയര്‍ ഇന്ത്യയുടെ ഹാങ്ങര്‍ യൂണിറ്റിലാണ്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് അറ്റകുറ്റപ്പണി നടത്തുന്ന വിദഗ്ധസംഘം തലസ്ഥാനത്തെത്തിയത്.
തീര്‍ത്തും രഹസ്യസ്വഭാവത്തോടെ ബ്രിട്ടീഷ് സൈനികരുടെ കനത്ത കാവലില്‍ പ്രത്യേക സജ്ജീകരണങ്ങളൊരുക്കിയാണ് വിമാനത്തിന്റെ സാങ്കേതികത്തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത്. നിലവില്‍ രണ്ടാം ഹാങ്ങറിലുള്ള സുരക്ഷാജീവനക്കാരെ ഒഴിവാക്കിയാണ് അറ്റകുറ്റപ്പണി നടത്തുന്നത്. തകരാര്‍ പരിഹരിച്ച് വിമാനം പറത്തിക്കൊണ്ടുപോകാന്‍ തന്നെയാണ് അധികൃതരുടെ ശ്രമം. ഹൈഡ്രോളിക് സംവിധാനത്തിനും പുറത്തുനിന്ന് ചാര്‍ജ് നല്‍കുന്ന ഓക്‌സിലറി പവര്‍ യൂണിറ്റിനും തകരാറുകളുണ്ടെന്നാണ് സൂചന.