കീം റാങ്ക് പട്ടിക റദ്ദാക്കിയ വിധിയിൽ സർക്കാരിനെതിരെ ഹൈക്കോടതി. പുതിയ മാർക്ക് ഏകീകരണ ഫോർമുലയായ 5:3:2 വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പുതിയ ഫോർമുല നടപ്പാക്കണമെന്ന് കമ്മിറ്റി നിർദ്ദേശിച്ചിട്ടുമില്ല. പ്രോസ്‌പെക്ടസ് പരിഷ്കരണം വിദഗ്ധ സമിതിയുടെ ശുപാർശയ്ക്ക് വിരുദ്ധമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു.
2011 മുതലുള്ള പ്രോസ്‌പെക്ടസ് സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കിയില്ലെന്നും ഡിവിഷൻ ബെഞ്ച് വിമർശിച്ചു. പരിഷ്കരിച്ച റാങ്ക് പട്ടിക നിയമപരമായ പ്രതീക്ഷയ്ക്ക് വിരുദ്ധമാണ്. പരിഷ്കരണ ഫോർമുല ഇത്തവണ നടപ്പാക്കരുതെന്നാണ് വിദഗ്ധ സമിതിയുടെ ശുപാർശ. യോഗ്യതാ മാനദണ്ഡം മാറ്റിയത് കൊണ്ട് മാത്രം അനീതി ഇല്ലാതാക്കാനാവില്ല. അഡ്മിഷനുള്ള അവസരം കുറയുന്നത് ഏതെങ്കിലും അവകാശത്തിന്‍റെ ലംഘനമല്ലെന്നും ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, എസ്.മുരളി കൃഷ്ണ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.
അതേസമയം, കീം പട്ടികയില്‍ സര്‍ക്കാരിന് ജാഗ്രതക്കുറവില്ലന്ന് എം.എ.ബേബി പ്രതികരിച്ചു. വീഴ്ച ആരുടേതെന്ന് എല്‍ഡിഎഫും മന്ത്രിയും വിശദീകരിക്കും. പരിഹാരമാണ് ലക്ഷ്യമെന്നും അസ്ഥാനത്ത് അഭിപ്രായം പറയുന്നില്ലന്നും എം.എ.ബേബി പറഞ്ഞു. കീമില്‍ സർക്കാരിന് തെറ്റുപറ്റിയെന്ന പ്രചാരണം ശരിയല്ലെന്ന് മന്ത്രി ആർ ബിന്ദുവും പറഞ്ഞു. നീതി ഉറപ്പാക്കാനാണ് ശ്രമിച്ചത്. അടുത്ത വർഷം കീമിന്റെ പ്രോസ്പെക്ടസിൽ ഭേദഗതി നേരത്തെ ഉൾപ്പെടുത്തും. അടുത്ത വർഷം കോടതിയ്ക്കു പോലും തിരുത്താനാകില്ലെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു.