യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി ഗവർണറെയും നേതാക്കളെയും കണ്ട് അവസാന ശ്രമവുമായി കുടുംബം. കേന്ദ്രത്തിന്റെ ഇടപെടലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭർത്താവ് ടോമി തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു. നിമിഷപ്രിയയ്ക്കായി മോചന ദ്രവ്യം നല്കാന് അബ്ദുല്‍ റഹീം ട്രസ്റ്റ് സന്നദ്ധത അറിയിച്ചതായി ചാണ്ടി ഉമ്മന്‍ എം.എൽ.എയും അറിയിച്ചു.
നിമിഷപ്രിയയുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കുമെന്ന് അറിയിപ്പിന് പിന്നാലെ ഓരോ വാതിലിലും മുട്ടുകയാണ് കുടുംബം. ചാണ്ടി ഉമ്മന്റെ ഇടപെടലിലൂടെ ഗവർണറെ കണ്ട ഭർത്താവ് ടോമി തോമസ് അമിത് ഷായെ ഉൾപ്പെടെ കാണാൻ ശ്രമിക്കുകയാണ്.
മോചനദൃവ്യം നൽകാൻ ശ്രമം നടക്കുമ്പോൾ ധനസഹായം നൽകാൻ അബ്ദുൾ റഹീം ട്രസ്റ്റും തയാറായിട്ടുണ്ട്. നിമിഷപ്രിയയുടെ മോചനമെന്നത് ഉമ്മൻചാണ്ടിയുടെ അവസാന ആഗ്രഹങ്ങളിലൊന്നായിരുന്നുവെന്നും അതിനായി ശ്രമം തുടരുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഇടപെടൽ തേടി സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കുമെന്നിരിക്കെ അറ്റോർണി ജനറലിന്റെ ഓഫീസ് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. ഹർജിക്കാരും അവരുടെ പക്കലുള്ള രേഖകളും വിവരങ്ങളും എ.ജിയുടെ ഓഫീസിന് കൈമാറി. അതേസമയം, മനുഷ്യാവകാശ പ്രവർത്തൻ സാമുവൽ ജെറോം ഇന്ന് സനയിലെത്തി നിമിഷ പ്രിയയെയും അധികൃതരെയും കാണും.