ഒട്ടേറെ വിവാദങ്ങളില്‍ കുടുങ്ങിയ ബസാണ് നവകേരള ബസ്. നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ചിരുന്ന ബസ് ഒടുവില്‍ പ്രീമിയം സര്‍വീസിനായി കെഎസ്ആര്‍ടിസിക്ക് കൈമാറിയിരുന്നു. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പ്രീമിയം ഗരുഡ സര്‍വീസായാണ് ഇപ്പോള്‍ ബസിന്‍റെ യാത്ര.
സീറ്റുകളുടെ എണ്ണം കൂട്ടുന്നതിന് വേണ്ടി ബസിന്‍റെ ഹൈഡ്രോളിക് ലിഫ്റ്റും വാഷിങ് ഏരിയയും ഒഴിവാക്കിയിരുന്നു. അപ്പോഴും ബസിലെ ശുചിമുറി നിലനിര്‍ത്തി. ശുചിമുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളായിരുന്നു നവകേരള ബസിന്‍റെ ആകര്‍ഷണം. എന്നാല്‍ കഴിഞ്ഞദിവസം ബെംഗളൂരുവിലേക്ക് പോയ യാത്രക്കാര്‍ കണ്ടത് ഈ ശുചിമുറി പൂട്ടി ഇട്ടിരിക്കുന്നതാണ്. എന്താണ് തകരാറെന്ന് ചോദിച്ചിട്ട് ആര്‍ക്കും അറിയില്ലായിരുന്നു.
അതുമാത്രമല്ല, ബസിന്‍റെ വൈപ്പറും ഒടിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. കനത്ത മഴയുള്ള സമയത്താണ് ഇതെന്ന് ഓര്‍ക്കണം. പിന്നീട് കോഴിക്കോട് നിന്ന് ബത്തേരി എത്തിയ ശേഷമാണ് വൈപ്പര്‍ ശരിയാക്കി യാത്ര തുടര്‍ന്നത്. ബസിലെ ഒരു യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പ്രീമിയം എസി സര്‍വീസായി ദീര്‍ഘദൂര യാത്ര പോകുന്ന നവകേരള ബസിനോട് യാത്രക്കാര്‍ മതിപ്പുണ്ട്. എന്നാല്‍ അതിലെ സൗകര്യങ്ങള്‍ കൂടി ഉറപ്പാക്കണം എന്നാണ് യാത്രക്കാര്‍ പങ്കുവയ്ക്കുന്ന വികാരം.