TOPICS COVERED

പത്തനംതിട്ട കൊറ്റനാട്ട് ലൈഫ് വീട് ജപ്തി ചെയ്തതിന് കാരണം മുന്‍ സ്ഥലം ഉടമയുടെ ചതിയും കേരള ബാങ്ക് മാനേജരുടെ ദ്രോഹബുദ്ധിയും എന്ന് ആരോപണം. ആകെ മൂന്നര സെന്‍റ് സ്ഥലത്തെ വീട് പ്രഹ്ളാദന്‍റെയെന്ന് അറിഞ്ഞിട്ടും ബാങ്ക് ജപ്തിയുമായി മുന്നോട്ടു പോയി. ഇന്നലെയാണ് ലൈഫ് പദ്ധതിയില്‍ നിര്‍മിച്ച വീട് മുന്‍ വസ്തു ഉടമയുടെ ബാധ്യത പറഞ്ഞ് കേരളബാങ്ക് ചാലാപ്പള്ളി ശാഖ ജപ്തി ചെയ്തത്.  

2017ഏപ്രിലില്‍ ആണ് വിജയകുമാര്‍ എന്നയാള്‍ സ്ഥലം ഈട് വച്ച്  വായ്പ എടുത്തത്. ജൂണില്‍ മൂന്നര സെന്‍റ് പ്രഹ്ളാദന് വിറ്റു. ലോണുള്ളപ്പോള്‍ എങ്ങനെ വീട് വിറ്റു എന്നതാണ് സംശയം. പ്രഹ്ളാദന്‍റെ കയ്യില്‍ ആധാരം അടക്കം സര്‍വ രേഖകളും ഉണ്ട്. അന്ന് ഗഹാന്‍ ഇല്ലാത്തതാണ് തട്ടിപ്പിന് കാരണം എന്നാണ് ബാങ്കിന്‍റെ വാദം. വായ്പയെടുത്ത സ്ഥലം ഉടമ ഒളിവിലാണ്.അന്ന് എടുത്ത മൂന്ന് ലക്ഷം ഇപ്പോള്‍ എട്ടുലക്ഷമായി പെരുകി.ആധാരം കാണിച്ചപ്പോള്‍ കൊണ്ടുപോയി കപ്പലണ്ടി പൊതിയാനാണ് മാനേജര്‍ പറഞ്ഞതെന്ന് കുടുംബം പറയുന്നു.

 ഇവിടെ നിന്ന് ഇറങ്ങിയാല്‍ വേറെ വഴിയില്ലെന്ന് പ്രഹ്ളാദന്‍റെ സഹോദരി പറഞ്ഞു. കിട്ടിയ വീടിന്‍റെ പണി പോലും പൂര്‍ത്തിയായതല്ല. സെക്യൂരിറ്റി ജീവനക്കാരനായ പ്രഹ്ളാദന്‍ രോഗിയുമാണ്. എന്തു വന്നാലും കുടുംബത്തെ സംരക്ഷിക്കും എന്നാണ് കോണ്‍ഗ്രസ് നിലപാട്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് ബാങ്കുകാര്‍ വീട് പൂട്ടി ജപ്തി ബോര്‍ഡ് സ്ഥാപിച്ചത്. പൂട്ടുപൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. 

സഹായം തേടി മന്ത്രി സജി ചെറിയാന്‍ സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം തുടങ്ങിയവരെയെല്ലാം വീട്ടുകാര്‍ കണ്ടിരുന്നു. പക്ഷെ കാര്യമുണ്ടായില്ല. കോടതി വഴി എല്ലാ നടപടികളും പൂര്‍ത്തിയാക്കി എന്നാണ് ബാങ്കിന്‍റെ വാദം. 

ENGLISH SUMMARY:

A house constructed under the Life Mission project in Kottanad, Pathanamthitta, was seized by the Kerala Bank's Chappapally branch yesterday, citing a debt owed by the former land owner. The affected resident, Prahladan, alleges that the seizure is a result of the former owner's deception and the "malicious intent" of the Kerala Bank manager.