കാസർകോട് സര്‍ക്കാര്‍ സ്കൂൾ ശുചിമുറിയിലെ ഭക്ഷണ വിതരണ യൂണിറ്റ് പൂട്ടി. അടൂര്‍ ഗവൺമെൻറ് ഹയര്‍സെക്കണ്ടറി സ്കൂളിലെ കുടുംബശ്രീ മാ കെയർ ഭക്ഷണ വിതരണ കേന്ദ്രമാണ് പൂട്ടിയത്. സ്കൂളിന് ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. നടപടി മനോരമ ന്യൂസ് വാർത്തയ്ക്ക് പിന്നാലെ.
വിദ്യാഭ്യാസ രംഗത്തും ആരോഗ്യ മേഖലയിലും മുന്‍പന്തിയിലെന്ന് അഹങ്കരിക്കുന്ന കേരളത്തിലെ ഒരു സര്‍ക്കാര്‍ സ്കൂളിൽ നിന്നാണ്. ശുചിമുറി കെട്ടിടത്തിൽ ഭക്ഷണ വിതരണം. അടിസ്ഥാന ആരോഗ്യ അവബോധമുള്ളവർ ചെയ്യാത്ത പരിപാടി. കാസർകോട് കർണാടക അതിർത്തിയിലെ അടൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലാണ് കഴിഞ്ഞ ജൂൺ മുതൽ ശുചിമുറി കെട്ടിടത്തിൽ കുടുംബശ്രീ മാ കെയർ ഭക്ഷണവിതരണ യൂണിറ്റ് പ്രവർത്തിക്കുന്നത്.
ദേലംപാടി ഗ്രാമ പഞ്ചായത്താണ് യുണിറ്റ് സ്ഥാപിച്ചത്. പ്രധാനമായും ഹയർസെക്കൻഡറി വിദ്യാര്‍ഥികളെ ഉദ്ദേശിച്ചാണ് സംരംഭം. ആരോഗ്യകരമായ ലഘു ഭക്ഷണങ്ങൾ കുറഞ്ഞ വിലയില്‍ എത്തിക്കുകയാണ് ലക്ഷ്യം. എന്നാൽ സ്ഥലം ഇല്ലാത്തതിനാൽ ശുചിമുറി കെട്ടിടങ്ങള്‍ക്കിടയില്‍ മേല്‍കൂരയും താഴെ കാര്‍പ്പെറ്റും വിരിച്ചായിരുന്നു പ്രവര്‍ത്തനം. വാതിലില്ലാത്ത ശുചിമുറികള്‍ തുണിയാണ് മറ. ഭക്ഷണം വാങ്ങി കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റതായും അരോപണമുണ്ട്.
മനോരമ ന്യൂസ് വാർത്തയ്ക്ക് പിന്നാലെ യൂണിറ്റ് ദിവസങ്ങൾക്ക് മുമ്പ് പൂട്ടി എന്നാണ് സ്കൂളിൻറെ വിശദീകരണം. കഴിഞ്ഞ ദിവസങ്ങൾ തുറന്നു പ്രവർത്തിച്ചത് സാധനങ്ങൾ മാറ്റാനായിരുന്നു. എന്നാൽ ജൂൺ മുതൽ കുട്ടികളുടെ ആരോഗ്യത്തിന് പുല്ലുവിലകൽപ്പിച്ച് യൂണിറ്റ് പ്രവർത്തിച്ചത് എങ്ങനെ എന്നതിൽ വിശദീകരണമില്ല. അതിനിടെ ആരോഗ്യവകുപ്പ് സ്കൂളിന് നോട്ടീസ് നൽകി.