കാലടി സർവകലാശാലയിലെ സംവരണ അട്ടിമറിയിൽ 5 വർഷത്തിന് ശേഷം അനുകൂല ഉത്തരവ് നേടി ദളിത് വിദ്യാർഥി. മാവേലിക്കര സ്വദേശിനി വർഷക്ക് ഈ അധ്യയന വർഷം പി.എച്ച്.ഡിക്ക് പ്രവേശനം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. SFI മുൻ നേതാവ് കെ.വിദ്യക്ക് വേണ്ടി പ്രവേശനത്തിലെ സംവരണം സർവകലാശാല അട്ടിമറിച്ചതെന്നായിരുന്നു ആരോപണം.
2019-2020 അധ്യയന വർഷം ലഭിക്കേണ്ട പി.എച്ച്.ഡി പ്രവേശനമാണ് ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ വർഷയ്ക്ക് ലഭിക്കുക. കാലടി സംസ്കൃത സർവകലാശാലയിൽ പി.എച്ച്.ഡി പ്രവേശനത്തിന് 20 ശതമാനം സീറ്റുകൾ എസ്.സി/എസ്.ടി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ളതാണ്. എന്നാൽ അർഹതപ്പെട്ട സീറ്റ് നിഷേധിച്ചതിനെതിരെയാണ് മാവേലിക്കര സ്വദേശി എസ്.വർഷ ഹൈക്കോടതിയെ സമീപിച്ചത്. പി.എച്ച്.ഡിക്ക് 5 സീറ്റുകൾ വർധിപ്പിച്ചപ്പോൾ നിയമപ്രകാരം അതിൽ ഒരെണ്ണം സംവരണ വിഭാഗത്തിന് അവകാശപ്പെട്ടതാണ്. എന്നാൽ സംവരണം അട്ടിമറിച്ച് പതിനഞ്ചാമതായി SFI നേതാവായിരുന്ന കെ.വിദ്യയെ തിരുകി കയറ്റുകയാണ് സർവകലാശാല ചെയ്തത്. ഇതോടെ ആ പട്ടികയിൽ പ്രവേശനം ലഭിക്കേണ്ട വർഷ പുറത്തായി. വിദ്യയുടെ പ്രവേശനം സംവരണം അട്ടിമറിച്ചാണ് എന്ന് SC/ST സെൽ കണ്ടെത്തിയിരുന്നു. 2020 ൽ ഹൈക്കോടതിയിൽ കേസ് എത്തിയിട്ടും സംവരണം അട്ടിമറിച്ചതിൽ നടപടിയെടുക്കാനോ, വർഷക്ക് പ്രവേശനം നൽകാനോ സർവകലാശാല തയ്യാറായില്ല. ഒടുവിൽ ഇക്കഴിഞ്ഞ ജൂൺ 30നാണ് വർഷക്ക് പ്രവേശനം നൽകാമെന്ന് സർവകലാശാല അറിയിച്ചത്. ഇതോടെ ഈ അധ്യയന വർഷം തന്നെ പ്രവേശനം നൽകാൻ നിർദേശം നൽകി ഹർജി ഹൈക്കോടതി തീർപ്പാക്കി.
തെറ്റ് തിരുത്താൻ തയ്യാറാകാതെ നിലപാടിൽ ഉറച്ചു നിന്ന സർവകലാശാല പ്രവേശനത്തിന് അർഹതയുള്ള വിദ്യാർഥിയുടെ 5 വർഷമാണ് നശിപ്പിച്ചത്. അതുകൊണ്ട് തന്നെ വർഷക്ക് നീതി ലഭിച്ചോ എന്നത് ഉത്തരമില്ലാത്ത ചോദ്യമായി തുടരും