ബിരുദ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് 10 വര്‍ഷം നഷ്ടമാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാതെ കാലിക്കറ്റ് സര്‍വകലാശാല. മലപ്പുറം ചേലേമ്പ്ര പെരിണ്ണീരിയിലെ ഫഹീമക്കാണ് ഉയര്‍ന്ന മാര്‍ക്കു നേടി പാസായിട്ടും ഗ്രേഡ് കാര്‍ഡിനായി 10 വര്‍ഷം സര്‍വകലാശാലയിലെ ഒാഫീസുകള്‍ തോറും കയറിയിറങ്ങേണ്ടി വന്നത്.
കഴിഞ്ഞ 10 വര്‍ഷമായി ബിരുദ സര്‍ട്ടിഫിക്കറ്റിനായി സര്‍വകലാശാല കയറിയിറങ്ങുകയായിരുന്നു ഫഹീമ. ഉദ്യോഗസ്ഥര്‍ക്കു മുന്‍പില്‍ കരഞ്ഞിട്ടും അന്നു കണ്ട ഉദ്യോഗസ്ഥരില്‍ ആരുടേയും കരളലിഞ്ഞില്ല. മഞ്ചേരി യൂണിറ്റി വിമന്‍സ് കോളജിലെ പഠന, പാഠ്യേതര വിഷയങ്ങളില്‍ മിടുക്കിയായ വിദ്യാര്‍ഥിനിയായിരുന്നു. ഫഹീമ എഴുതിയ 3,4 സെമസ്റ്ററുകളിലെ ഉത്തരക്കടലാസ് കാണാനില്ലാത്തതുകൊണ്ട് പാസാക്കാന്‍ ആവില്ലെന്നായിരുന്നു വിചിത്രമായ മറുപടി.
ഇതോടെ ബിരാദാനന്തര ബിരുദ പഠനവും സര്‍ക്കാര്‍ ജോലിയുമെല്ലാം സ്വപ്നം കണ്ട ഫഹീമ അടുക്കളക്കുളളിലായി. ബിരുദ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതുകൊണ്ട് സ്വകാര്യജോലി പോലും കിട്ടിയില്ല. പരാതി അറിഞ്ഞ സിന്‍ഡിക്കറ്റ് അംഗം ഡോ.റഷീദ് അഹമ്മദിന്‍റെ സഹായത്തോടെ നിലവിലെ വി.സി.ഡോ.പി.രവീന്ദ്രന്‍റെ ഇടപെടലിലാണ് കഴിഞ്ഞ ദിവസം ഗ്രേഡ് കാര്‍ഡ് ലഭിച്ചത്. വി.സി.വടിയെടുത്തതോടെ കഴിഞ്ഞ 10 വര്‍ഷമായി കാണാനില്ലെന്നു പറഞ്ഞ ഉത്തരക്കടലാസുകളും മാര്‍ക്ക് ലിസ്റ്റും എവിടെ നിന്നോ പൊങ്ങി വന്നു. ചില ഉദ്യോഗസ്ഥരുടെ ബോധപൂര്‍വമുളള അലംഭാവമാണ് ഫഹീമക്ക് വലിയ നഷ്ടമുണ്ടാക്കിയത്.