വിദ്യാർത്ഥികളുടെ ഭാവി വെച്ച് പരീക്ഷണങ്ങൾ നടത്തുന്ന സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. പ്രവേശന പരീക്ഷക്ക് ശേഷം പരീക്ഷാ മാനദണ്ഡങ്ങൾക്ക് മാറ്റം വരുത്തിയതാണ് സർക്കാരിനേറ്റ കനത്ത തിരിച്ചടിക്കു കാരണം.കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പാണ് മാർക്ക് ഏകീകരണം സംബന്ധിച്ച ഉത്തരവിറങ്ങിയത്.
കൃത്യമായ കൂടിയാലോചനകളും, പഠനങ്ങളും നടത്താതെ സർക്കാർ കൈകൊള്ളുന്ന അപക്വമായ തീരുമാനങ്ങൾ സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഭാവിയെയാണ് ബാധിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ തച്ചുതകർക്കുക എന്നത് സർക്കാർ അജണ്ടയാണ്. അന്യ സംസ്ഥാന വിദ്യാഭ്യാസ ലോബികളുമായുള്ള ഡീലിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരം ചെയ്തികൾ സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. വിമർശനങ്ങളെ വിവാദങ്ങൾ കൊണ്ടാണ് സർക്കാർ പ്രതിരോധിക്കുന്നതെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി.
സംസ്ഥാന എന്‍ജിനീയറിംഗ് പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ച ശേഷം കീം പ്രോസ്‌പെക്റ്റസില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയ സാഹചര്യത്തിലാണ് പരീക്ഷയുടെ റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കിയത്. പഴയ പ്രോസ്‌പെക്റ്റസ് അനുസരിച്ച് റാങ്ക് പട്ടിക പുനപ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അതിനിടെ ഹൈക്കോടതി വിധിയിൽ ഉടനടി നടപടിയുമായി സര്‍ക്കാര്‍. വിഷയത്തില്‍ സർക്കാർ അപ്പീൽ നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ അപ്പീൽ നാളെ പരിഗണിക്കും.