കേരള സര്‍വകലാശാല റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍ സര്‍വകലാശാല കാമ്പസില്‍ കയറരുതെന്ന് താല്‍ക്കാലിക വിസി ഡോ.സിസ തോമസ്. റജിസ്ട്രാര്‍ ഇപ്പോഴും സസ്പെന്‍ഷനിലായതിനാലാണ് വിലക്ക് എന്ന് വ്യക്തമാക്കി വിസി നോട്ടിസ് പുറപ്പെടുവിച്ചു. ഇന്നലത്തെ എസ്.എഫ്.ഐ സമരത്തില്‍ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും വി.സി കത്തു നല്‍കി. ഡോ.സിസ തോമസ് ഇന്ന് താല്‍ക്കാലിക വിസിയുടെ ചുമതല ഒഴിയും മുന്‍പാണ് സുപ്രധാന നീക്കങ്ങള്‍.
കേരള സര്‍വകലാശാല റജിസ്ട്രാര്‍ ഡോ.കെഎസ്.അനില്‍കുമാറിന്‍റെ സസ്പെന്‍ഷന്‍ റദ്ദാക്കിയ സിന്‍ഡിക്കേറ്റ് നടപടി അംഗീകരിക്കില്ലെന്ന് വീണ്ടും വ്യക്തമാക്കുന്നതാണ് താല്‍ക്കാലിക വിസി ഡോ.സിസ തോമസ് പുറപ്പെടുവിച്ച നോട്ടിസ്. റജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ കാമ്പസില്‍ കയറരുതെന്നാണ് വൈസ് ചാന്‍സലറുടെ നിര്‍ദേശം. റജിസ്ട്രാറുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ലെന്നും അതിനാല്‍ ഒാഫീസിലെത്തുന്നതും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതും നിയമവിരുദ്ധമാണെന്ന് നോട്ടിസ് പറയുന്നു.
ജോയിന്‍റ് റജിസ്ട്രാര്‍ മിനി കാപ്പന്‍ റജിസ്ട്രാറുടെ ചുമതല നിര്‍വഹിക്കണമെന്നാണ് നിര്‍ദേശം. കേരള സര്‍വകലാശാലയുടെ ചരിത്രത്തിലാദ്യമായാണ് റജിസ്ട്രാര്‍ കാമ്പസില്‍ കയറരുതെന്ന നിര്‍ദേശം നിലവില്‍ വരുന്നത്. ഇത് അംഗീകരിക്കണോ എന്ന് റജിസ്ട്രാര്‍ തീരുമാനിക്കുക സിന്‍ഡിക്കേറ്റിന്‍റെയും സര്‍ക്കാരിന്‍റെയും നിര്‍ദേശം കണത്തിലെടുത്താവും. ഇന്നലെ സര്‍വകലാശാല കാമ്പസിനെ കലാപഭൂമിയാക്കിയ എസ്.എഫ്.ഐസമരത്തില്‍ വലിയ നാശനഷ്ടമുണ്ടായി എന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കാണിച്ച് വിസി ഡിജിപിക്കും കത്തു നല്‍കി. . ഡോ.സിസ താല്‍ക്കാലിക വിസിയുടെ ചുമതല ഒഴിയുന്നതിന് മുന്‍പായാണ് നോട്ടിസ് പുറപ്പെടുവിച്ചതും ഡിജിപിക്ക് കത്തു നല്‍കിയതും. ഡോ. മോഹനന്‍ കുന്നുമ്മല്‍ ഇന്ന് വിസിയുടെ ചുമതലയിലേക്ക് തിരികെയെത്തും.