പത്തനംതിട്ട കോന്നി പയ്യനാമണ്ണിൽ പാറകൾക്കിടയിൽ പെട്ട തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമം നീളുന്നു. ക്രമീകരണങ്ങൾ പാളിയതോടെ ആറുമണിക്കൂറോളം എൻഡിആർഎഫ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് ഒന്നും ചെയ്യാതെ ഇരിക്കേണ്ടി വന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് പാറ ഇടിഞ്ഞ് പാറ പൊട്ടിക്കുന്ന യന്ത്രത്തിന്‍റെ ഓപ്പറേറ്റർ അജയ് റായ് അകപ്പെട്ടത്.
പാറക്കൂട്ടം ഇടിഞ്ഞതോടെ ഇന്നലെ നിർത്തിവച്ച രക്ഷാപ്രവർത്തനം രാവിലെ 7 മണിക്ക് പുനരാരംഭിച്ചു. രാവിലെ എന്‍ ഡി.ആർഎഫ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഇറങ്ങി പാറകൾ നീക്കി രണ്ട് ഹുക്കുകൾ കണ്ടെത്തി. രാവിലെ ഉടൻ വലിയ ക്രെയിൻ എത്തുമെന്ന് കലക്ടർ അടക്കം പറഞ്ഞെങ്കിലും ഉച്ചയോടെയാണ് വലിയ ക്രെയിൻ കയറി വരില്ലെന്ന് മനസ്സിലായത്. പിന്നീട് കരുനാഗപ്പള്ളിയിൽ നിന്ന് ഇരുമ്പ് വട്ടം എത്തിച്ചപ്പോഴേക്കും മൂന്നരയായി. ഇതിനുള്ള കൊളുത്ത് കൊച്ചിയിൽ നിന്ന് കൊണ്ടുവരുന്നതിനിടെ തലയോലപറമ്പിൽ വച്ച് വാഹനം കേടായി. ആലപ്പുഴയിൽ നിന്ന് വലിയ മണ്ണുമാന്തി യന്ത്രം എത്തിക്കാനുള്ള ശ്രമങ്ങളും വൈകി. ഏകോപനം പാളിയെന്ന് മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി ആരോപിച്ചു.
കുടുങ്ങിക്കിടക്കുന്ന അജയ് റാവുവിന്‍റെ സഹോദരങ്ങൾ അപകട സ്ഥലത്ത് എത്തി. ഇന്നലെ രാവിലെ ജോലിക്ക് കയറും മുൻപ് അജയ് വിളിച്ചിരുന്നുവെന്നും മക്കളുടെ ബാഗിനുള്ള പണം അയച്ചു എന്നും സഹോദരൻ ഉദയ് പറഞ്ഞു. 24 മണിക്കൂറായിട്ടും പുറത്തെടുക്കാത്തതിൽ പാറമട ജീവനക്കാരോടടക്കം സഹോദരങ്ങൾ പൊട്ടിത്തെറിച്ചു. ഇന്നലെ പാറകൾക്കിടയിൽ പെട്ടു മരിച്ച ഒഡീഷ സ്വദേശി മഹാദേവ് പ്രധാനെ കോന്നിയിലേയും പത്തനംതിട്ടയിലെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ചേർന്നു പുറത്തെടുത്തിരുന്നു. 20 അംഗ ഫയർഫോഴ്സ് ടാസ്ക്ക് ഫോഴ്സും, 27 അംഗ എന്‍ ഡിആർഎഫ് സംഘവും തിരച്ചിലിനുണ്ട്.