ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ കേരളത്തിലും പെൺമക്കൾക്ക് തുല്യാവകാശം ഉറപ്പിച്ച് ഹൈക്കോടതി. 2004 ഡിസംബർ 20 ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ട്. 1975ലെ കൂട്ടുകുടുംബ വ്യവസ്ഥ നിർത്തലാക്കൽ നിയമം നിലനിൽക്കില്ല എന്നും കോടതി വ്യക്തമാക്കി.
പത്ത് ആൺമക്കളെക്കൊണ്ടുള്ള ഫലം ഒരു മകൾ തരുമെന്ന സ്കന്ദപുരാണത്തിലെ വാക്യം ഉദ്ധരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. പിതാവിന്റെ സ്വത്തിൽ അവകാശം ആവശ്യപ്പെട്ടുള്ള കോഴിക്കോട് സ്വദേശികളായ സഹോദരിമാരുടെ ഹർജി കീഴ്ക്കോടതി തള്ളിയതിനെ തുടർന്നാണ് അവർ ഹൈക്കോടതിയെ സമീപിക്കുന്നത്. വിഷയം വിശദമായി പരിശോധിച്ച ഹൈക്കോടതി 1975ലെ കേരള കൂട്ടുകുടുംബ വ്യവസ്ഥ നിർത്തലാക്കൽ നിയമത്തിലെ സെക്ഷൻ 3, 4 എന്നിവ 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമവുമായി ചേർന്നുപോകുന്നില്ലെന്ന് കണ്ടെത്തി.
ഈ സാഹചര്യത്തിൽ 1975ലെ കൂട്ടുകുടുംബ വ്യവസ്ഥ നിർത്തലാക്കൽ നിയമം നിലനിൽക്കില്ല എന്ന് കോടതി വ്യക്തമാക്കി. ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമപ്രകാരം എല്ലാ മക്കൾക്കും സ്വത്തിൽ തുല്യാവകാശം ഉണ്ടായിരിക്കും. ഇതുപ്രകാരം 2004 ഡിസംബർ 20 ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്നാണ് ജസ്റ്റിസ് എസ്.ഈശ്വരൻ വ്യക്തമാക്കിയത്.
മകളിൽ ലക്ഷ്മി ദേവി കുടികൊള്ളുന്നു എന്നാണ് പുരാണത്തിൽ പറയുന്നതെങ്കിലും പെൺമക്കള്‍ക്കുള്ള പിതൃസ്വത്തിന്റെ പിന്തുടർച്ചാവകാശ കാര്യത്തിൽ ഇക്കാര്യങ്ങള്‍ കാണാറില്ല എന്നും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.