TOPICS COVERED

കേരള സര്‍വകലാശാലയിലെ എസ്.എഫ്.ഐ സമരത്തില്‍, കോൺഗ്രസിനെയും ലീഗിനെയും പ്രതിക്കൂട്ടിലാക്കി ഫെയ്സ്ബുക്ക് പോസ്റ്റുമായി എഎ റഹിം എംപി.  ഈ നിശബ്ദതയ്ക്ക് കോൺഗ്രസ്സും ലീഗും മറുപടി പറയേണ്ടി വരുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

സംഘപരിവാറിന്റെ പൊളിറ്റിക്കൽ പ്ലാൻ നടപ്പിലാക്കാൻ നിങ്ങൾ കൂട്ടുനിൽക്കുകയാണ് കോണ്‍ഗ്രസും ലീഗും. പോർമുഖത്ത് എസ് എഫ് ഐ മാത്രം. എവിടെയാണ് കോൺഗ്രസ്സിന്റെയും ലീഗിന്റെയും യുവത്വം?..  രാജ്ഭവൻ വച്ചു നീട്ടിയ സെനറ്റും, സിന്റിക്കേറ്റും ഒരു കുറ്റബോധവും ഇല്ലാതെ കൈനീട്ടി വാങ്ങി സംഘപരിവാറിന്റെ വർഗീയവൽക്കരണ അജണ്ടയ്ക്ക് കൂട്ടു നിൽക്കുന്ന ഈ ഒറ്റുകാരുടെ നിശബ്ദത കാലം പൊറുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കേരള സർവകലാശാലയിലെ എസ് എഫ് ഐ സമരസ്ഥലത്തു പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ എത്തിയ ചിത്രവും അദ്ദേഹം പങ്കുവെച്ചു.  ഇത് ആവേശകരമായ ചിത്രമാണെന്നായിരുന്നു അതിന്‍റെ അടിക്കുറിപ്പ്.. 

സിപിഎമ്മിന്‍റെയും സര്‍ക്കാരിന്‍റെയും കൃത്യമായ രാഷ്ട്രീയ നീക്കത്തിന്‍റെ ഭാഗമാണ് എസ്.എഫ്.ഐ സമരം. ഞായറാഴ്ച ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം റദ്ദാക്കാനും റജിസ്ട്രാറെ പുറത്താക്കാനും ഗവര്‍ണര്‍ നീങ്ങുന്നുവെന്ന വിലയിരുത്തലിലാണ് സര്‍വകലാശാല ആസ്ഥാനം മണിക്കൂറുകളോളം പ്രതിഷേധയിടമായത്. 

വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ പിന്തുണ അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ എത്തിയതും, ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി നീങ്ങാനാവില്ലെന്ന് എസ്.എഫ്.ഐ നേതൃത്വവും വ്യക്തമാക്കിയതും ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് വീണ്ടും കനക്കുമെന്ന സൂചനയാണ് നല്‍കുന്നത്. സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനാവില്ലെന്ന് എസ്.എഫ്.ഐ മുന്നറിയിപ്പ്. 

ENGLISH SUMMARY:

A A Rahim facebook post about sfi strike