bus-strike-ksrtc

സ്വകാര്യ ബസ് പണിമുടക്കില്‍ വലഞ്ഞിരിക്കുകയാണ് സാധാരണക്കാര്‍. ഈ പ്രതിസന്ധിക്ക് ശേഷം നാളെ നേരിടേണ്ടത് ദേശിയ പണിമുടക്കാണ്. കേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ  ബിഎംഎസ് ഒഴികെയുള്ള തൊഴിലാളികള്‍ പ്രഖ്യാപിച്ചിരിക്കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി 12 മണിക്ക് ആരംഭിക്കും.  ഇടതു തൊഴിലാളി സംഘടകള്‍ സംയുക്തമായും ഐഎന്‍ടിയുസി പ്രത്യേകവുമായുമാണ്  പണിമുടക്കുന്നത്.  ദേശീയ പണിമുടക്കിന്‍റെ ഭാഗമായി നാളെ കേരളം സ്തംഭിക്കുമെന്നാണ് തൊഴിലാളി സംഘടനകള്‍  അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഏതൊക്കെ മേഖലകളെ പണിമുടക്ക് ബാധിക്കുമെന്ന് നോക്കാം. 

കെഎസ്ആര്‍ടിസി ഓടുമോ?

നാളത്തെ ദേശീയ പണിമുടക്കില്‍ പണിമുടക്കുമെന്നാണ് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പറയുന്നത്.  പണിമുടക്ക് നോട്ടിസ് നേരത്തേ നല്‍കിയതാണെന്നും സി.ഐ.ടി.യു വ്യക്തമാക്കി. എന്നാല്‍ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഭാഗമാകില്ലെന്നും സര്‍വീസ് നടത്തുമെന്നും ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാറും പറഞ്ഞു. മന്ത്രിയെ തള്ളി യൂണിയനുകള്‍ രംഗത്തെത്തിയതോടെ കെഎസ്ആര്‍ടിസിയും ഓടില്ല. ജീവനക്കാര്‍ പണിമുടക്കുമെങ്കിലും ആര്‍ സി സി – മെഡിക്കല്‍ കോളജ് എന്നിവടങ്ങിളിലേക്കുള്ള സര്‍വീസുകളെ ബാധിച്ചേക്കില്ല.

എല്ലാമേഖലകളിലെയും മോട്ടോര്‍ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കാളികളാവുന്നതിനാല്‍ സ്വകാര്യ ബസുകള്‍ നാളെയും ഓടില്ല. ഓട്ടോ, ടാക്സി സര്‍വീസുകള്‍ ഉള്‍പ്പടെ മുടങ്ങുമെന്നതിനാല്‍ സ്വന്തം വാഹനമില്ലാതെ പുറത്തുറങ്ങുന്നത് പണിയാകും. 

ഓഫീസുകളും ബാങ്കും നിശ്ചലം

കേന്ദ്ര– സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, സെക്രട്ടറിയേറ്റ് കലക്ടറേറ്റുകളും എന്നിവ നാളത്തെ പണിമുടക്കില്‍ നിശ്ചലമാകും. ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നതിനാല്‍ ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടും. ഇന്‍ഷുറന്‍സ് ഓഫീസുകള്‍, എല്‍ഐസി ഓഫീസുകള്‍ എന്നിവടങ്ങളിലും ജനങ്ങള്‍ക്ക് സേവനം നഷ്ടമാവും. കാര്‍ഷിക മേഖലകളെ പണിമുടക്ക് ബാധിക്കും.

സ്കൂളുകള്‍ക്ക് അവധി

സ്കൂള്‍, കോളജ് അധ്യാപകരും ദേശിയ പണിമുടക്കിന്‍റെ ഭാഗമാണ്. അതിനാല്‍ വിദ്യാലങ്ങളിലും കോളജുകളും അധ്യയനം മുടങ്ങും.  ഫാക്ടറികളെയും   പൊതുമേഖല സ്ഥാപനങ്ങളെയും  പണിമുടക്ക് ബാധിക്കും. കൊറിയര്‍ സര്‍വീസുകള്‍,  ടെലികോം സേവനകള്‍ ലഭ്യമാക്കേണ്ട ഓഫീസുകള്‍ എന്നിവ അടഞ്ഞുകിടക്കും. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുന്നതിനാല്‍ വ്യാപാരമേഖലയേയും ബാധിക്കും. മാളുകളും തുറന്ന് പ്രവര്‍ത്തിച്ചേക്കില്ല. 

ഒഴിവാക്കിയവ 

അവശ്യസര്‍വീസുകളെ മാത്രമാണ് പതിവ് പോലെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. പാല്‍, പത്രവിതരണം, ആശുപത്രി, മെഡിക്കല്‍ സ്റ്റോറുകള്‍, ജലവിതരണം, അഗ്നിശമന സേവനങ്ങള്‍ എന്നിവയെ പണിമുടക്ക് ബാധിക്കില്ല.

*എയര്‍പോര്‍ട്ടിലേക്കും റയില്‍വേ സ്റ്റേഷനുകളിലേക്കും പോകുന്ന വാഹനങ്ങള്‍, മുന്‍കൂട്ടി നിച്ഛയിച്ചിരിക്കുന്ന വിവാഹ പാര്‍ട്ടികള്‍, ടൂറിസം മേഖലയെ എന്നിവയെ  പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റസ്റ്ററന്‍റുകള്‍ അടഞ്ഞുകിടക്കുമെങ്കിലും ടൂറിസം മേഖലയിലെ  താമസ സൗകര്യമുള്ള ഹോട്ടലുകളെ ബാധിക്കില്ല. 

* കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുമെങ്കിലും ആര്‍.സി.സി – മെഡിക്കല്‍ കോളജ് എന്നിവടങ്ങിളിലേക്കുള്ള സര്‍വീസുകളെ ബാധിച്ചേക്കില്ല.

ENGLISH SUMMARY:

Kerala Braces for 24-Hour Shutdown as National Strike Begins Tonight