കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞു വീണപ്പോൾ മണ്ണുമാന്തിയന്ത്രം എത്തിയ സമയത്തെ ചൊല്ലി തർക്കം രൂക്ഷം. ഫയർഫോഴ്സ് പെട്ടെന്ന് എത്തിച്ചെന്ന് മന്ത്രിയും ഉച്ചയ്ക്ക് പന്ത്രണ്ടിന് ശേഷമാണ് എത്തിയതെന്ന് യൂത്ത് കോൺഗ്രസും പറയുന്നു. രക്ഷാപ്രവർത്തനം വൈകിയതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വാദപ്രതിവാദം തുടരുകയാണ്.
മന്ത്രി വി.എൻ. വാസവൻ പറഞ്ഞത് തെറ്റാണെന്നാണ് യൂത്ത് കോൺഗ്രസിന്റെ വാദം. ആർപ്പൂക്കര പഞ്ചായത്ത് അംഗമായ വിഷ്ണു മന്ത്രിയുടെ വാദങ്ങളെ തള്ളിക്കളയുന്നു. മണ്ണുമാന്തിയന്ത്രം മന്ത്രി പറഞ്ഞ സമയത്ത് സ്ഥലത്തെത്തിയില്ല. മണ്ണു മാന്തിയന്ത്രം ആദ്യം വിളിച്ചത് താനാണെന്നും 12 മണിക്ക് ശേഷമാണ് മൂന്നു മണ്ണുമാന്തി യന്ത്രങ്ങളും ആശുപത്രിയിൽ എത്തിയതെന്നും വിഷ്ണു പറയുന്നു.
അതേസമയം പതിനഞ്ച് മിനിറ്റിനുള്ളിൽ വാഹനം മെഡിക്കൽ കോളജിൽ എത്തിച്ചെന്ന് മറ്റൊരു മണ്ണുമാന്തി യന്ത്രത്തിന്‍റെ ഉടമയും വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വാദപ്രതിവാദം തുടരുകയാണ്.