സിനിമാമൾട്ടിപ്ലക്സുകളിലെ ഭീമൻ ടിക്കറ്റ് നിരക്കിൽ പരാതിയുമായി പ്രേക്ഷകർ. കൊച്ചിയിൽ പല ദിവസങ്ങളിലായി 180 രൂപ മുതൽ 1000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. മൾട്ടിപ്ലസ്കളിലെ ഭീമൻ ടിക്കറ്റ് നിരക്കിനെതിരായ പൊതുതാൽപര്യ ഹർജിയിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.
സംസ്ഥാനത്തെ മൾട്ടിപ്ലക്സുകളിലെ അധിക ടിക്കറ്റ് നിരക്ക് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി വന്നത് അടുത്തിടെയാണ്. സിനിമയ്ക്ക് ഡിമാൻഡ് കൂടുമ്പോൾ നിരക്ക് കൂട്ടുകയാണ് മൾട്ടിപ്ലക്സുകാരുടെ പതിവ്. 180 രൂപ മുതൽ 1000 രൂപ വരെയാണ് പലയിടത്തും നിരക്ക്. റിലീസിന്റെ ആദ്യ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ടിക്കറ്റ് നിരക്ക് പിന്നെയും വർധിക്കും. നാലുപേരടങ്ങുന്ന ഒരു കുടുംബം 800 രൂപയുടെ സീറ്റിന് 3200 രൂപ നൽകണം. പോപ്കോണും പാനീയങ്ങളും വാങ്ങിയാൽ ചെലവ് ഇരട്ടിയാകും. മൾട്ടിപ്ലക്സുകളിൽ 300 രൂപയ്ക്ക് താഴെ പോപ്കോൺ രുചിക്കാൻ കിട്ടില്ല. 100 രൂപയ്ക്ക് മുകളിൽ ശീതള പാനീയങ്ങളും. കണക്കു കൂട്ടിയാൽ, നാലംഗ കുടുംബത്തിന് മൾട്ടിപ്ലക്സിൽ സിനിമ കാണാൻ 5000 രൂപയുടെ അടുത്ത് ചെലവുണ്ട്. ഓരോ മണിക്കൂറിലും വർധിക്കുന്ന കാർ പാർക്കിങ് ഫീ കൂടി കണക്കാക്കിയാൽ ചെലവ് വീണ്ടുമേറും.
മൾട്ടിപ്ലസ്കളിലെ ഭീമൻ ടിക്കറ്റ് നിരക്കിനെതിരായ പൊതുതാൽപര്യ ഹർജിയിൽ സർക്കാർ നിലപാട് രണ്ടാഴ്ചക്കുള്ളിൽ അറിയാം. ഏകീകൃത നിരക്കിന് സർക്കാർ ഇടപെടൽ വേണമെന്നിരിക്കെ ഹൈക്കോടതിയിലെ സർക്കാർ നിലപാട് നിർണായകമാണ്.