karipur-airport

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ നവീകരണത്തിന്റെ ഭാഗമായുള്ള കോർപ്പറേറ്റ് എൻവയോൺമെന്റല്‍ റെസ്പോൺസിബിലിറ്റി ‍ഫണ്ട് 106 കിലോമീറ്റർ അകലെയുള്ള മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ വിനിയോഗിക്കാൻ തീരുമാനം. കരിപ്പൂർ വിമാനത്താവള പരിസരത്തെ  പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ചിലവഴിക്കേണ്ട ഫണ്ട്  കണ്ണൂരിലെ പിണറായിയിലേക്ക് കൊണ്ടുപോകുന്നതിന് എതിരെ സി.പി.ഐ സംസ്ഥാന നേതൃത്വവും  രംഗത്തെത്തിയിട്ടുണ്ട്.

കരിപ്പൂരിലെ റൺവേ വികസനത്തിനായി ഭൂമി ഏറ്റെടുത്ത ഭാഗത്ത് നൂറടിയിലേറെ ഉയരത്തിലാണ് മണ്ണിട്ടു ഉയർത്തുന്നത്. പല ജലസ്രോതസ്സുകളും മണ്ണിനടിയിലായി. ഒരു മഴ പെയ്താൽ പരിസരത്തെ ജനവാസ മേഖലയിലേക്ക് വെള്ളം ഇരച്ചെത്തുകയാണ്. ഇത്രയധികം പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിട്ട് അനുഭവിക്കുന്ന കരിപ്പൂരിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തേണ്ട ആകെയുളള 10 കോടി സിഇആർ ഫണ്ടിൽ 9 കോടിയും പിണറായിയിലേക്ക് മാറ്റാനാണ് ജില്ല കലക്ടറുടെ ശുപാർശ.

പിണറായിയിലെ വയോജനമന്ദിരത്തിൻ്റെ നിർമാണത്തിനു വേണ്ടിയാണ് കരിപ്പൂരിൽ ചിലവഴിക്കേണ്ട തുക വകമാറ്റുന്നത്. കരിപ്പൂർ വിമാനത്താവള റൺവേ സ്ഥിതിചെയ്യുന്ന പള്ളിക്കൽ പഞ്ചായത്ത് ആവശ്യപ്പെട്ട 3.5 കോടിയുടെ  ഡ്രൈനേജ് നിർമാണം, കരിപ്പൂർ ജി എം എൽ പി സ്കൂൾ ആവശ്യപ്പെട്ട 1. 27 കോടിയുടെ പദ്ധതിയും തഴഞ്ഞാണ് ഫണ്ട് പിണറായിയിലേക്ക് കൊണ്ടുപോകുന്നത്. കരിപ്പൂരിലെ ഫണ്ട് കണ്ണൂരിലേക്ക് മാറ്റുന്നത് ചട്ടവിരുദ്ധമാണന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ അസിസ്റ്റൻറ് സെക്രട്ടറി കൂടിയായ പി.പി. സുനീർ എംപി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിനെ കത്തു നൽകിയത്. എന്നാൽ കരിപ്പൂരിലെ സി ഇ ആർ ഫണ്ട് പിണറായിയിലേയ്  കൊണ്ടുപോകുന്നതിന് ചില ഉദ്യോഗസ്ഥർ പിടിവാശിയിലാണന്നാണ് വിവരം.

ENGLISH SUMMARY:

Funds earmarked under the Corporate Environmental Responsibility (CER) for the Karipur airport runway upgrade are controversially being diverted to Pinarayi, the Chief Minister's constituency, 106 km away. Originally intended for addressing environmental issues around Karipur, the redirection of funds has drawn criticism from CPI’s state leadership as well.