സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന്‍റെ സോഷ്യല്‍മീഡിയ റീല്‍ മന്ത്രി വീണ ജോര്‍ജിനെ ട്രോളിയതോയെന്ന് ചര്‍ച്ച. ഇന്നലെ രാത്രി 10 മണിക്ക് ശേഷം ഇട്ട റീലാണ് പത്തനംതിട്ടയില്‍ ചർച്ച. തൃശ്ശൂരിലെ എസ്എഫ്ഐ വനിതാ നേതാവിന്റെ ജയിൽവാസം ഓർമിപ്പിക്കുന്ന റീലാണ് പങ്കുവെച്ചത്. ഒന്നരവർഷം മുൻപ് ജയിലിൽ മോചിതയായി എസ്എഫ്ഐ വനിതാ നേതാവ് പുറത്തേക്ക് വരുന്നതാണ് വിഡിയോ.
‘കുണുവാവയെപ്പോലെ മോങ്ങലുണ്ടായില്ല, വ്യാജ മെഡിക്കൽ റിപ്പോർട്ട് നൽകിയില്ല’ എന്നിങ്ങനെയാണ് റീലിൽ പറയുന്നത്. മാധ്യമങ്ങളെയും ആക്ഷേപിക്കുന്നുണ്ട്. വീണാ ജോർജുമായി റീലിന് യാതൊരു ബന്ധവുമില്ലെന്നാണ് ജില്ലാ സെക്രട്ടറിയുടെ വാദം. മന്ത്രി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത് രാത്രി ഏഴരയോടെയാണ്. റീലിന്റെ സമയം ഇന്നലെ രാത്രി 10 മണിക്ക് ശേഷവും. രാജു എബ്രഹാമിന്റെ പോസ്റ്റിന്റെ സമയമായപ്പോഴേക്കും മന്ത്രി ആശുപത്രി വിട്ടു. രക്തസമ്മര്‍ദം ഉയര്‍ന്നതിനെതുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി രാത്രിയോടെ ഔദ്യോഗിക വസതിയായ തൈക്കാട‌് ഹൗസില്‍ എത്തിയിരുന്നു.
അതേസമയം കോട്ടയത്ത് രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ വിമര്‍ശനവുമായി മുന്‍ ഡി.എച്ച്.എസ് സരിത ശിവരാമന്റെയും ഫെയ്സ്ബുക്ക് പോസ്റ്റ്. ‘രക്ഷാപ്രവര്‍ത്തനങ്ങളില്‍ ആത്മവിശ്വാസം പകര്‍ന്ന മന്ത്രിമാരെ ഓര്‍ക്കുന്നു. പ്രളയവും ചുഴലിക്കാറ്റും വന്നപ്പോള്‍ ജീവന്‍പണയംവച്ച് ഒപ്പമുണ്ടായിരുന്നു. ജീവന്റെ തുള്ളിയെങ്കിലും ബാക്കിയുള്ളവരെ അവര്‍ വിട്ടുകൊടുത്തില്ലെ’ന്നും സരിത ശിവരാമന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കെ.കെ.ശൈലജയുടെ കാലത്ത് ആരോഗ്യ ഡയറക്ടറായിരുന്നു സരിത ശിവരാമന്‍.
അതിനിടെ കോട്ടയം അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രിയുടെ വസതിക്ക് സുരക്ഷകൂട്ടി. ബിജെപിയും യൂത്ത് ലീഗും ഇന്നും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്.