കോട്ടയത്ത് മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടമിടിഞ്ഞ് തലയോലപറമ്പ് സ്വദേശി ബിന്ദു മരിച്ചതിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കടുത്ത പ്രതിഷേധം. കോട്ടയം മെഡി. കോളജിലേക്ക് യൂത്ത് കോണ്‍. മാര്‍ച്ച് സംഘടിപ്പിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ സംഘര്‍ഷത്തിലേക്കെത്തി.
തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയിലേക്ക് ബി.ജെ.പി മാര്‍ച്ചിലും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരത്ത് കറുത്ത വസ്ത്രമണിഞ്ഞ് മന്ത്രിയുടെ വസതിയിലേക്കെത്തിയ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
പത്തനംതിട്ടയില്‍ മന്ത്രി വീണ ജോര്‍ജിന്‍റെ ഓഫീസിലും വീട്ടിലും പ്രതിഷേധവുമുണ്ടായി. ബി.ജെ.പി റോഡ് ഉപരോധിച്ചപ്പോള്‍
ശവപ്പെട്ടിയുമായായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. തൃശൂർ ഡിഎംഒ ഓഫിസിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച് നടത്തി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ബിന്ദു മരിച്ചതിൽ തുടർസമരങ്ങളിരമ്പി കോട്ടയം മെഡിക്കല്‍ കോളജ് പരിസരം. കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങൾക്ക് പുറമെ മറ്റു സംഘടനകളും നടപടി ആവശ്യപ്പെട്ട് സമരമുഖത്താണ്. രാവിലെ അപകടസ്ഥലം സന്ദർശിച്ച കെ.പി.സി.സി. പ്രസിഡന്റ്, മെഡിക്കൽ കോളജിൽ നടന്നത് കൊലപാതകമാണെന്ന് പറഞ്ഞു
പാവപ്പെട്ടൊരു കുടുംബം അഭയം തേടിയെത്തിയ ഇടം, മരണമുഖമായതിൽ പ്രതിഷേധം ജ്വലിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾക്കൊപ്പം, മറ്റു സംഘടനകളും സമരമാർഗത്തിൽ തന്നെ. എല്ലാവരുടെയും ആവശ്യം ഒന്നുതന്നെ. ബിന്ദുവിന്റെ കുടുംബത്തിന് നീതി വേണം. അധികൃതരുടെ ഉത്തരവാദിത്വമില്ലായ്മയിൽ ഇനിയൊന്ന് ആവർത്തിക്കരുത്.
നടപടിയുണ്ടാകും വരെ സമരം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. തുടർസമരങ്ങൾ നടക്കുന്നതിനാൽ മെഡിക്കൽ കോളജ് ആശുപത്രി പരിസരം കനത്ത പൊലീസ് കാവലിലാണ്. പ്രധാന കവാടത്തിൽ ബാരിക്കേഡും നിരത്തി.
ആരോഗ്യമന്ത്രിയുടെ വസതിക്ക് സുരക്ഷകൂട്ടി. കോട്ടയം അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ബിജെപിയും യൂത്ത് ലീഗും ഇന്നും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. രക്തസമ്മര്‍ദം ഉയര്‍ന്നതിനെതുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി രാത്രിയോടെ ഔദ്യോഗിക വസതിയായ തൈക്കാട‌് ഹൗസില്‍ എത്തിയിരുന്നു.