ആയിരക്കണക്കിന് സാധാരണക്കാരുടെ ആശ്രയമായ ആലപ്പുഴ ജനറൽ ആശുപത്രിയുടെ പഴയ ബ്ലോക്കിൽ രോഗികൾ കഴിയുന്നത് ആധിയോടെ. ഏത് നിമിഷവും അടർന്നു വീഴാവുന്ന കോൺക്രീറ്റ് പാളികൾ . 7 നിലകളുള്ള പുതിയ കെട്ടിട സമുച്ചയത്തിലേക്ക് ഒപികൾ മാറ്റിയിട്ടും കിടത്തി ചികിൽസാ വിഭാഗമെല്ലാം ഏതു നിമിഷവും തകരാവുന്ന പഴയ ബ്ലോക്കിലാണ്.
നിലവാരത്തോടൊപ്പമെന്ന് വീമ്പു പറയുന്ന കേരളത്തിന്റെ ആരോഗ്യ മാതൃകയുടെ ആലപ്പുഴയിലെ സ്ഥിതിയാണിത്. ആലപ്പുഴ ജനറൽ ആശുപത്രിയുടെ പഴയ ബ്ലോക്കിലെ വിവിധ വാർഡുകളാണ് ഇത്. ഏതു നിമിഷവും അടർന്നു വീഴാവുന്ന കോൺക്രീറ്റ്. ചോർന്നൊലിച്ച് പായൽ പിടിച്ച പ്രതലങ്ങൾ , പൊട്ടിതകർന്നിരിക്കുന്ന ഭിത്തികൾ. സിമന്റ് അടർന്ന് തുരുമ്പിച്ച കമ്പികൾ തെളിഞ്ഞു കാണാം. ഇതിനു താഴെ ഭയപ്പാടോടെ രോഗികൾ കിടക്കുന്നുണ്ട്. പലതവണ കോൺക്രീറ്റ് അടർന്നു വീണിട്ടുണ്ട്. ഭാഗ്യം കൊണ്ട് രോഗികളുടെയോ ജീവനക്കാരുടെയോ ദേഹത്ത് പതിച്ചിട്ടില്ലെന്ന് മാത്രം. ആലപ്പുഴയിലെ പാവപ്പെട്ട രോഗികൾക്ക് ഇത്രയുമൊക്കെ മതി എന്നാണ് ആരോഗ്യ വകുപ്പും ആശുപത്രിയുടെ മേൽനോട്ടം വഹിക്കുന്ന നഗരസഭയും കരുതുന്നത്.
തീർത്തും അപകടാവസ്ഥയിലായ രണ്ടു വാർഡുകളിൽ ഇപ്പോൾ രോഗികളെ കിടത്തുന്നില്ല. എന്നാൽ അതുവഴി സ്ട്രെച്ചറിൽ രോഗികളെ കൊണ്ടു പോകുകയും രോഗികളും കൂടെയുള്ളവരും സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്. അപകട സാധ്യതയുള്ള ചില സ്ഥലങ്ങളിലേക്ക് ആളുകൾ പോകാതിരിക്കാൻ കസേരയും പഴയ കട്ടിലുകളും ഇട്ട് തടസം സൃഷ്ടിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം, സർജറി, ഓർത്തോ, കണ്ണ് ചികിൽസ വാർഡുകൾ എന്നിവ ഇപ്പോഴും പ്രവർത്തിക്കുന്നത് പഴയ ബ്ലോക്കിലാണ് പുരുഷൻമാരുടെ മെഡിസിൻ വിഭാഗവും കണ്ണ് ഓപ്പറേഷൻ തിയേറ്റർ, ലാബ്, സ്കാനിങ്ങ് വിഭാഗങ്ങൾ എന്നിവയും തകർന്ന ഈ കെട്ടിടത്തിലുണ്ട്.
ഡയാലിസിസ് കേന്ദ്രവും ഇവിടെ തന്നെ. നിരീക്ഷണ മുറിയുടെ സമീപം മഴയത്ത് ചോർന്നൊലിക്കും. പുതിയ 7 നില കെട്ടിടം നിർമിച്ച് ഒപികളും കുട്ടികളുടെയും സ്ത്രീകളുടെ മെഡിസിൻ വാർഡും കാൻസർ വാർഡും അവിടേക്ക് മാറ്റി. 50 വർഷത്തിലധികം പഴക്കമുണ്ട് ആലപ്പുഴ ജനറൽ ആശുപത്രിയുടെ പഴയ കെട്ടിടത്തിന്. മെഡിക്കൽ കോളജ് ആശുപത്രി വണ്ടാനത്തേക്ക് മാറ്റിയപ്പോഴാണ് ഇത് ജനറൽ ആശുപത്രിയാക്കിയത്. പഴയ ബ്ലോക്ക് പൊളിച്ച് പുതിയ കെട്ടിടം നിർമിക്കുക മാത്രമാണ് അപകട മുണ്ടാകാതിരിക്കാനുള്ള പോം വഴി.