അടൂരിലെ വിവാദ അനാഥാലയത്തിന്‍റെ നടത്തിപ്പുകാരിയും മകനും ഒളിവില്‍. പ്രായപൂര്‍ത്തിയാകാത്ത അന്തേവാസി ഗര്‍ഭിണി ആയെന്ന പരാതിക്കു പിന്നാലെ 24 പെണ്‍കുട്ടികളെ ഇന്നലെ ഇവിടെ നിന്നു മാറ്റിയിരുന്നു. അനാഥ പെണ്‍കുട്ടിയെ മകനെക്കൊണ്ടു വിവാഹം കഴിപ്പിച്ചെന്ന് പ്രാചരണം നടത്തിയ നടത്തിപ്പുകാരിയാണ് ഇപ്പോള്‍ ഒളിവില്‍ പോയത്. മുതിര്‍ന്ന അന്തേവാസിയുടെ മരണത്തിലും പുതിയ പരാതി ഉയര്‍ന്നു.
ഇന്നലെയാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനത്തെ തുടര്‍ന്ന് അന്തേവാസികളായ 24 പെണ്‍കുട്ടികളെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. അന്തേവാസി ആയിരുന്ന പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകും മുന്‍പ് ഗര്‍ഭിണി ആയെന്ന പരാതിക്ക് പിന്നാലെയാണ് ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ടില്‍ പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയെ പിന്നീട് നടത്തിപ്പുകാരിയുടെ മകന്‍ വിവാഹം കഴിച്ചിരുന്നു. പ്രായപൂര്‍ത്തിയായ ശേഷമാണ് ബന്ധം എന്നാണ് പെണ്‍കുട്ടിയുടെ മൊഴിയെങ്കിലും ഗൈനക്കോളജിസ്റ്റുകളുടെ അഭിപ്രായം തേടിയാകും കേസിന്‍റെ നടപടികള്‍ . ഇന്നലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥരാണ് പെണ്‍കുട്ടികളെ മാറ്റിയത്. നടത്തിപ്പുകാരി സ്ഥാപനത്തിലേക്ക് പിന്നീട് വന്നില്ല. സ്ഥാപനത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടക്കും. സ്ഥാപനം നിര്‍ത്തുന്നു എന്ന് കാട്ടി നടത്തിപ്പുകാരി ശിശുക്ഷേമ സമിതിക്ക് കത്ത് നല്‍കിയതായാണ് വിവരം. അതേസമയം ഇതേ സ്ഥാപനത്തിലെ അന്തേവാസിയായിരുന്ന 44 വയസുകാരി നസീമയുടെ മരണത്തിലാണ് പരാതി ഉയര്‍ന്നത്. പത്തനംതിട്ട സ്വദേശിയായ കെന്നഡി ചാക്കോ ആണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. സ്ഥാപനത്തിന്‍റെ പ്രചാരണത്തിനായി ഇവര്‍ തന്നെ പ്രചരിപ്പിച്ച ദൃശ്യങ്ങളാണ് ഒടുവില്‍ തിരിച്ചടിയായത്.