കൊച്ചിയിൽ പൊലീസുകാരനെ ആക്രമിച്ച് തെരുവ് നായ. ജില്ലാ കോടതി വളപ്പിലാണ് ഇന്നലെ പൊലീസുകാരനെയും സുരക്ഷാ ജീവനക്കാരനെയും നായ കടിച്ചത്. ഇന്ന് മഹാരാജാസിലെ രണ്ടു വിദ്യാർത്ഥികൾക്കും കടിയേറ്റു. മൂന്ന് നായകളെ പിടികൂടി എബിസി കേന്ദ്രത്തിലേക്ക് മാറ്റി.
ഇന്നലെ രാത്രിയാണ് എറണാകുളം ജില്ലാ കോടതി പരിസരത്ത് എയ്ഡ് പോസ്റ്റിലെ സിപിഒ അൻസാരി, കോടതി വാച്ചർ അയ്യപ്പ കൈമൾ എന്നിവരെ തെരുവുനായ ആക്രമിച്ചത്. പോലീസുകാരനെ ആശുപത്രിയിലെത്തി മടങ്ങിയപ്പോഴാണ് വാച്ചർക്ക് കടിയേറ്റത്. ഇന്നലെ രാത്രി മാത്രം 10 പേരാണ് പേവിഷബാധയ്ക്കെതിരായ വാക്സീന്‍റെ ആദ്യ ഡോസ് എടുക്കാൻ എറണാകുളത്ത് ജനറൽ ആശുപത്രിയിൽ എത്തിയത്. കൂടുതലും മഹാരാജാസ് കോളേജ്, കടവന്ത്ര ഭാഗങ്ങളിൽ നിന്ന് തെരുവുനായുടെ കടിയേറ്റവർ. ഇതോടെ കൊച്ചി കോർപ്പറേഷൻ നായകൾക്കായി തിരച്ചിൽ തുടങ്ങി. ഇതിനിടെ, ഇന്ന് രാവിലെ മഹാരാജാസ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾക്ക് ക്യാംപസിനുള്ളിൽ വെച്ച് തെരുവുനായയുടെ കടിയേറ്റു. കോർപ്പറേഷനിൽ നിന്നുള്ള സംഘമെത്തി നീണ്ട പരിശ്രമത്തിനൊടുവിൽ മൂന്നു നായകളെയും ക്യാംപസിൽ നിന്ന് പിടികൂടി. ഇവയെ എബിസി കേന്ദ്രത്തിലേക്ക് മാറ്റി. പോലീസുകാരനെ കടിച്ച നായയ്ക്ക് പേവിഷ ബാധയുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.