gst-officers-finance

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമ്പോഴും പണം ധൂർത്തടിച്ച് സർക്കാർ. ജിഎസ്ടി ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കായി പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചുള്ള പരിശിലനത്തിന് 48ലക്ഷത്തിലധികം രൂപ ചെലവഴിക്കാൻ ധനവകുപ്പ് പ്രത്യേക അനുമതി നൽകി. സർക്കാർ പരിശീലന പരിപാടികൾ ചെലവ് കുറച്ച് സർക്കാർ സ്ഥാപനങ്ങളിൽ നടത്തണമെന്ന ധനവകുപ്പിന്റെ തന്നെ ഉത്തരവിന് ഇളവുനൽകിയാണ് നടപടി.  

കയ്യിൽ നയാപൈസയില്ല. ആശുപത്രി ഉപകരണങ്ങൾ  ഇല്ലാത്തതിന്റെ പേരിൽ ശസ്ത്രക്രിയ മുടങ്ങിയെന്ന് സർക്കാർ സംവിധാനത്തിനുള്ളിൽ നിന്നുതന്നെ ആരോപണം ഉയരുമ്പോഴും പക്ഷേ ധൂർത്തിനും ആഡംബരത്തിന് ഒരു കുറവുമില്ല. 200-ഓളം ജിഎസ്ടി ഇന്റലിജൻസ് ജീവനക്കാർക്കായി കൊച്ചിയിൽ വെച്ച് ആറ് ദിവസത്തേക്ക് സംഘടിപ്പിക്കുന്ന പരിശീലന പരിപാടിക്ക് 48,43000 രൂപ ചെലവഴിക്കാനാണ് ധനവകുപ്പിന്‍റെ പ്രത്യേക അനുമതി. കൊച്ചിയിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസവും ഭക്ഷണവും ഒരുക്കി സ്വകാര്യ കോളജിലാണ് പരിശീലനപരിപാടി.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനാൽ സർക്കാർ നടത്തുന്ന പരിശീലനപരിപാടികൾ സെമിനാറുകൾ എന്നിവയെല്ലാം സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ നടത്താവൂയെന്ന 2023ലെ ഉത്തരവിൽ ഇളവുനൽകിയാണ് കഴിഞ്ഞ 28ന് ധനവകുപ്പ് പഞ്ചനക്ഷത്ര പരിശീലനത്തിന് പ്രത്യേക അനുമതി നൽകിയത്. ഇളവുനൽകാൻ ധനവകുപ്പിന് അധികാരമുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് വേണോയെന്ന് വകുപ്പിൽതന്നെ ചോദ്യമുയർന്നിരുന്നു.

ഇൻസ്പെക്ടർ മുതൽ ജി.എസ്ടി അഡിഷണൽ കമ്മിഷണർ വരെയുള്ളവർ പങ്കെടുക്കുന്ന പരിശീലന പരിപാടിയിൽ നികുതി എങ്ങനെ പിരിക്കാം, നികുതി വെട്ടിപ്പ് എങ്ങനെ തടയാം എന്നതിലാണ്  പരിശീലനം നൽകുക. ഒരിടത്ത് വയനാടിനായി സാലറി ചലഞ്ചിന് പുറമെ ലഭിച്ച പണമൊന്നും ചെലവാക്കിയില്ലെന്ന ആരോപണം. ഏറ്റവും ഒടുവിൽ ആശുപത്രി ഉപകരണങ്ങൾ വാങ്ങാൻ പണമില്ലാത്തതിന്റെ പേരിൽ പഴികേൾക്കുമ്പോഴാണ് സർക്കാരിന്‍റെ ധൂർത്ത് വ്യക്തമാക്കി ധനവകുപ്പിന്‍റെ  ഉത്തരവ് പുറത്തുവരുന്നത്. 

ENGLISH SUMMARY:

Despite a severe financial crisis, the Kerala Finance Department has allocated ₹48 lakh for GST officials' training accommodation in five-star hotels. This decision disregards a previous order mandating training in government institutions. Approximately 200 officials will attend the training in Kochi from July 11 to 18. This move has drawn criticism amid the state's economic difficulties, with Manorama News obtaining a copy of the controversial order.