യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങള്‍ക്ക് കോവിഡ് വാക്സീനുമായി ബന്ധമില്ലെന്ന് പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും എയിംസും നടത്തിയ വിശദമായ പഠനത്തിലാണ് കണ്ടെത്തല്‍. ജീവിതശൈലിയും രോഗാവസ്ഥയുമാകാം മരണകാരണമെന്നാണ് വിലയിരുത്തല്‍. കോവിഡ് വാക്സീന്‍ തീര്‍ത്തും സുരക്ഷിതമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് കാലത്തിനും വാക്സീന്‍ സ്വീകരിച്ചതിനുംശേഷം ആരോഗ്യവാന്‍മാരായ യുവാക്കള്‍ ഹൃദയാഘാതം മൂലം പെട്ടെന്ന് മരിക്കുന്നത് ഏറുന്നു എന്ന ആരോപണങ്ങള്‍ ശക്തമായതോടെയാണ്,,, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും എയിംസും വിശദമായ പഠനം നടത്തിയത്. യുവാക്കളിൽ വിശദീകരിക്കാനാകാത്ത പെട്ടെന്നുണ്ടാകുന്ന മരണത്തിന് കോവിഡ് വാക്സിനുകൾ കാരണമാകുന്നില്ലെന്നാണ് കണ്ടെത്തല്‍. കോവിഡ് വാക്സിനുകളും ഹൃദയാഘാതവും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2021 ഒക്ടോബറിനും 2023 മാർച്ചിനും ഇടയിൽ മരിച്ച 18 – 45 പ്രായപരിധിയില്‍ വരുന്ന ആരോഗ്യവാന്മാര്‍ എന്ന് തോന്നിയവരിലാണ് പഠനം നടത്തിയത്. 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 ആശുപത്രികളിലാണ് പഠനം നടത്തിയത്. ജീവിതശൈലിയും രോഗാവസ്ഥയുമാകാം മരണങ്ങൾക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തി വരുന്നു