abhimanyu-murder

എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിന്‍റെ കൊലപാതകത്തിന് ഇന്ന് ഏഴ് വയസ്. കൊലപാതകം നടന്ന് വർഷമേറെ കഴിഞ്ഞിട്ടും കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി അനുവദിച്ച സമയപരിധി സെപ്തംബറിൽ പൂർത്തിയാകും.

ഇടുക്കി വട്ടവടയിൽ തോട്ടംതൊഴിലാളികളായ മനോഹരന്റെയും ഭൂപതിയുടെയും മകനായ അഭിമന്യുവിന് ശാസ്ത്രജ്ഞനാകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ഏഴുവർഷം മുൻപുള്ള പുലരിയിൽ എല്ലാം അവസാനിച്ചു. അന്നാണ് എറണാകുളം മഹാരാജാസ് കോളജ് ക്യാമ്പസ് അഭിമന്യുവിന്‍റെ രക്തത്താൽ ഒരിക്കൽ കൂടി ചുവന്നത്. നവാഗതരെ സ്വാഗതം ചെയ്യുന്ന എസ്എഫ്‌ഐയുടെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയിലായിരുന്നു കൊലപാതകം. എസ്‌ഡിപിഐ– ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകരായിരുന്നു കൊലപാതകത്തിന് പിന്നിൽ. അഭിമന്യുവിൻ്റെ സുഹൃത്തുക്കളുമായ വിനീതിനും അർജുനും ആക്രമണത്തിൽ പരുക്കേറ്റിരുന്നു. 

കേസിൽ 16 പ്രതികളെ അറസ്റ്റ് ചെയ്തു. കൃത്യം നടന്ന 2018 ൽ തന്നെ കുറ്റപത്രവും സമർപ്പിച്ചു. എന്നാൽ ഏഴുവർഷമായിട്ടും കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കേസിന്‍റെ വിചാരണ നടക്കേണ്ടത്. നിലവിൽ നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതി പുരോഗമിക്കുകയാണ്. ഇത് പൂർത്തിയായാൽ മാത്രമേ അഭിമന്യു കൊലപാതക കേസിൽ വിചാരണ തുടങ്ങാൻ സാധിക്കൂ. അതിനിടെ കേസിൽ വേഗം വിചാരണ പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് അഭിമന്യുവിന്‍റെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 9 മാസത്തിനകം വിചാരണ പൂർത്തിയാക്കണം എന്നാണ് ഹർജി തീർപ്പാക്കി ജനുവരിയിൽ ഹൈക്കോടതി നിർദേശം നൽകിയത്. ഹൈക്കോടതി നൽകിയ സമയപരിധി മൂന്ന് മാസങ്ങൾക്കപ്പുറം അവസാനിച്ചാലും, മഹാരാജാസ് കോളജിൻ്റെ തൊട്ടപ്പുറത്തുള്ള കോടതിയിൽ വിചാരണ തുടങ്ങാൻ പോലും സാധ്യതയില്ല. 

ENGLISH SUMMARY:

It's been seven years since SFI leader and Maharaja's College student Abhimanyu was murdered in Ernakulam. Despite the time elapsed, trial proceedings in the case are yet to begin. The Kerala High Court has set a deadline for completing the trial by September.