സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ഇടത്തരം മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അതേസമയം, മഴയുടെ ശക്തി കുറഞ്ഞെങ്കിലും മുല്ലപ്പെരിയാർ ഡാമിൽ നിന്നും വെള്ളം ഒഴുക്കുന്നത് മൂന്നാം ദിനവും തുടരുകയാണ്. 13 സ്പിൽവെ ഷട്ടറുകളിലൂടെ 300 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. ഇന്ന് മുതൽ പുതിയ റൂൾകർവ് പ്രകാരം 136.30 അടി വെള്ളം മുല്ലപ്പെരിയാറിൽ നിലനിർത്താം. ഇന്നലെ വരെ 136 അടിയായിരുന്നു പരമാവധി സംഭരണശേഷി. 2500 ഘനയടി വെള്ളം മുല്ലപ്പെരിയാറിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 2100 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. മുല്ലപ്പെരിയാര്‍ തുറന്നതിനെ തുടര്‍ന്ന് പെരിയാർ തിരത്ത് ജാഗ്രത തുടരുകയാണ്.