പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കരാർ ജീവനക്കാരുടെ മിന്നൽ സമരം. നാല് കരാർ ജീവനക്കാരെ പിരിച്ചുവിട്ടു എന്നാരോപിച്ച് ആയിരുന്നു അരമണിക്കൂർ പണിമുടക്കിയുള്ള പ്രതിഷേധം. നാലുപേരുടെയും കരാർ കാലാവധി ഇന്നലെ കഴിഞ്ഞെന്നും മോശം പെരുമാറ്റം കാരണമാണ് പുതുക്കാതിരുന്നത് എന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
അരമണിക്കൂറോളം ഒപി ടിക്കറ്റ് നൽകുന്നത് അടക്കമുള്ള ജോലികൾ ജീവനക്കാർ ബഹിഷ്കരിച്ചു. ഗർഭിണി ആയെന്നു പറഞ്ഞാണ് ഒരാളെ ഒഴിവാക്കിയത് എന്നാണ് ആരോപണം. ഒഴിവാക്കുന്നത് നേരത്തെ അറിയിച്ചില്ല എന്ന് പണിമുടക്കിയ സിഐടിയു പ്രവർത്തകർ അടക്കം പറഞ്ഞു. ചിലരെ തിരുകിക്കയറ്റാനാണ് ശ്രമം എന്ന് കോൺഗ്രസ് ആരോപിച്ചു.
അതേസമയം, മൂന്നുപേർക്ക് മോശം പെരുമാറ്റത്തിന് പലവട്ടം നോട്ടിസ് നൽകിയതാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ഗർഭിണിയാകുന്നത് ജോലിക്ക് തടസ്സമല്ല. ആശുപത്രിക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ട്. മുന്നറിയിപ്പില്ലാത്ത മിന്നൽ സമരം മര്യാദ അല്ലെന്നും സൂപ്രണ്ട് പറഞ്ഞു.
അരമണിക്കൂർ പ്രവർത്തനം തടസ്സപ്പെട്ടതോടെ രാവിലെ മുതൽ കാത്തുനിന്ന രോഗികൾ ദുരിതത്തിലായി. കാർഡിയോളജി, ന്യൂറോളജി ഒപി ഉള്ള ദിവസമായതുകൊണ്ട് പുലർച്ചെ മുതൽ രോഗികൾ കാത്തുനിന്നിരുന്നു.