പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ആത്മഹത്യ ചെയ്ത സിദ്ധാർഥന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിനെതിരായ ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ഹർജി നൽകാൻ വൈകിയതിലാണ് കോടതി സർക്കാരിനെ വിമർശിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ച നഷ്ടപരിഹാരത്തുകയായ ഏഴ് ലക്ഷം രൂപ ഹൈക്കോടതി റജിസ്ട്രിയില്‍ കെട്ടിവെയ്ക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.

റാഗിങിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞ ഒക്ടോബറിലാണ് കമ്മീഷൻ ഉത്തരവിട്ടത്. ഉത്തരവ് നടപ്പാക്കാത്തതിന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കമ്മീഷൻ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി നൽകാൻ ഇത്രയും നാൾ വൈകിയതിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർക്കാരിനെ വിമർശിച്ചത്. 

വൈകിയതിന്റെ കാരണം അറിയിക്കാന്‍ സര്‍ക്കാരിന് ഡിവിഷന്‍ ബെഞ്ച് 10 ദിവസത്തെ സമയം നല്‍കി. അപ്പീല്‍ വൈകിയതിന്റെ കാരണം ബോധ്യപ്പെടുത്തി ഹര്‍ജി ഭേദഗതി ചെയ്ത് നല്‍കാനാണ് നിർദേശം. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ച നഷ്ടപരിഹാരത്തുകയായ ഏഴ് ലക്ഷം രൂപ ഹൈക്കോടതി റജിസ്ട്രിയില്‍ കെട്ടിവെയ്ക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി ഈ മാസം 11ന് കോടതി വീണ്ടും പരിഗണിക്കും. 

ബിജെപി നേതാവ് സന്ദീപ് വാചസ്പതിയുടെ പരാതിയിലായിരുന്നു ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. എന്നാൽ നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ കമ്മീഷന് നിയമപരമായ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന സർക്കാരിന്റെ ഹർജി. ഏതെങ്കിലും കോടതി ഉത്തരവ് അനുസരിച്ചു മാത്രമേ മനുഷ്യാവകാശ കമ്മീഷന് പ്രവ‍‍ർത്തിക്കാനാവൂയെന്നും ഹർജിയിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കി.

ENGLISH SUMMARY:

The Kerala High Court criticized the state government for the delay in filing a petition against the National Human Rights Commission’s (NHRC) directive to compensate the family of Siddharth, a student who died by suicide following alleged ragging at Pookode Veterinary University. A division bench led by Chief Justice Nitin Jamdar questioned the state’s justification for the delay and granted 10 days to amend the plea and explain the reasons. The court also directed the government to deposit the ₹7 lakh compensation amount with the High Court registry. The NHRC had issued the compensation order in October 2023 and warned of personal appearance of the department secretary for non-compliance.