മന്ത്രിസഭ അംഗീകാരം നൽകിയ കീം മാർക്ക് ഏകീകരണ ഫോർമുലയുടെ അടിസ്ഥാനത്തിൽ ഇന്ന് പുതിയ പ്രോസ്പെക്ടസ് സംബന്ധിച്ച ഉത്തരവിറക്കും. ഈ ആഴ്ച തന്നെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് ശ്രമം. നേരത്തെ കൊണ്ടുവരേണ്ട മാറ്റങ്ങൾ അവസാനനിമിഷം വരെ മാറ്റി വെച്ചത് പ്രവേശന പ്രക്രിയ അപ്പാടെ വൈകാൻ കാരണമായി.
ഒരു വർഷം മുൻപ് പൂർത്തിയാക്കേണ്ടിയിരുന്ന മാർക്ക് ഏകീകരണ നടപടിക്രമമാണ് അനന്തമായി നീണ്ടതും പ്രതിസന്ധി സൃഷ്ടിച്ചതും. കുട്ടികളും രക്ഷിതക്കളും പരാതിപ്പെട്ടതോടെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അനങ്ങിയത്. പ്ലസ്ടുവിനും പ്രവേശന പരീക്ഷയ്ക്കും ഉയർന്ന മാർക്ക് നേടിയാലും സംസ്ഥാന സിലബസിലെ കുട്ടികൾക്ക് റാങ്ക് പട്ടികയിൽ മുന്നിലെത്താനാകുന്നില്ലെന്ന പരാതി വ്യാപകമായതോടെ ഫോർമുല പരിഷ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. നാലംഗ വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ഫോർമുല രൂപീകരിച്ചത്.
പ്ലസ്ടു പരീക്ഷയിൽ സയൻസ്, കണക്ക് എന്നിവക്ക് ലഭിച്ച ഉയർന്ന മാർക്ക് പരിഗണിക്കും. സംസ്ഥാന ബോർഡിൽ ഈ വിഷയങ്ങളിലെ ഉയർന്ന മാർക്ക് 100 ഉം സിബിഎസ്ഇ പോലുള്ള ഇതര ബോർഡുകളിലൊന്നിൽ ഏറ്റവും ഉയർന്ന മാർക്ക് 95ഉം ആണെങ്കിൽ ഇവ രണ്ടും 100 മാർക്കായി ഏകീകരിക്കും .എൻജിനീയറിങ് റാങ്ക് പട്ടികയ്ക്കായി പരിഗണിക്കുന്ന 3 വിഷയങ്ങളുടെയും മാർക്ക് ഈ രീതിയിൽ ഏകീകരിച്ച് മൊത്തം മാർക്ക് 300ൽ കണക്കാക്കും. ഇതനുസരിച്ചാണ് റാങ്ക് പട്ടിക തയാറാക്കുക.പുതിയ ഏകീകരണ ഫോർമുല അനുസരിച്ച് പ്രോസ്പെക്ടസ് ഭേദഗതി ചെയ്ത ശേഷം സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തും. അതിന് ശേഷം ഈയാഴ്ചതന്നെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.