ഡോക്ടര്‍മാരുടെ ദിനമായ ഇന്ന് ഡോ. ഹാരിസിന് മനസ് നിറഞ്ഞു ചിരിക്കാം. ഡോക്ടറുടെ ഒറ്റയാള്‍ പോരാട്ടത്തിനു പിന്നാലെ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ എത്തിച്ചു. യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കുന്ന ലിത്തോക്ളാസ്റ്റ് പ്രോബ് എന്ന ഉപകരണങ്ങള്‍ ഹൈദരാബാദില്‍ നിന്ന് വിമാനമാര്‍ഗമാണ് രാവിലെ എത്തിച്ചത്. ഇതോടെ മൂന്നു ദിവസമായി ശസ്ത്രക്രിയ കാത്ത് അഡ്മിറ്റ് ചെയ്തിരുന്ന രോഗികള്‍ക്ക് ശസ്ത്രക്രിയകള്‍ രാവിലെ മുതല്‍ നടത്തി.
വകുപ്പു മേധാവിയായ ഡോ. ഹാരിസ് ഹസന്‍റെ തുറന്നു പറച്ചില്‍ വന്‍ വിവാദമായതോടെ ആരോഗ്യമന്ത്രി ഇടപെട്ട് വേഗത്തില്‍ ഉപകരണങ്ങള്‍ എത്തിക്കുകയായിരുന്നു. സ്വകാര്യ മേഖലയില്‍ നിന്നും ഉപകരണങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഡോ. ഹാരിസിന്‍റെ സമൂഹമാധ്യമത്തിലൂടെയുളള വെളിപ്പെടുത്തല്‍ ചട്ടലംഘനമാണെന്ന് അന്വേഷണ സമിതി വിലയിരുത്തിയെങ്കിലും പൊതുവികാരം എതിരായതിനാല്‍ കാര്യമായ നടപടിക്ക് സാധ്യതയില്ല. അതേസമയം, മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് പകരം ആളെക്കണ്ടെത്തുന്ന കാര്യം ആരോഗ്യവകുപ്പ് പരിഗണിക്കുന്നുണ്ട്.
ഡോ. ഹാരിസിന്‍റെ വെളിപ്പെടുത്തലുകളില്‍ അന്വേഷണം നടത്തിയ അന്വേഷണ സമിതി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഡോക്ടര്‍ ഹാരിസും മറ്റ് വകുപ്പ് മേധാവികളും ഉപകരണങ്ങള്‍ വാങ്ങുന്നതിലടക്കമുളള കെടുകാര്യസ്ഥതയും ഫയല്‍ നീക്കത്തിലെ മെല്ലെപ്പോക്കും അന്വേഷണ സമിതിയോടും തുറന്നടിച്ചു. ഉപകരണങ്ങള്‍ വാങ്ങുന്നതിലും അറ്റകുറ്റപണി നടത്തുന്നതിലും കാലാനുസൃത മാറ്റങ്ങള്‍ നിര്‍ദേശിച്ചാകും അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്.