ഡിജിപി നിയമന വിവാദത്തില്‍ പ്രതികരണവുമായി എം.വി.ഗോവിന്ദന്‍. റവാഡ ചന്ദ്രശേഖറിന് പാര്‍ട്ടിയുടെ ക്ലീന്‍ചിറ്റ് ആവശ്യമില്ല. കേന്ദ്രവും സംസ്ഥാനവും ക്ലീന്‍ചിറ്റ് നല്‍കിയിട്ടുണ്ട്. ജയരാജന്‍ പറയുന്നതല്ല ഞാന്‍ പറയുന്നതാണ് കാര്യമെന്നും ഗോവിന്ദന്‍ കൊച്ചിയില്‍ പറഞ്ഞു. കൂത്തുപറമ്പില്‍ സഖാക്കളെ കൊന്നത് യുഡിഎഫ് സര്‍ക്കാരാണെന്നും കണ്ണൂരിന്‍റെ ഭൂമിശാസ്ത്രം റവാഡയ്ക്ക് അറിയില്ലായിരുന്നെന്നും പറഞ്ഞ ഗോവിന്ദന്‍ വെടിവയ്പ്പില്‍ റവാഡയ്ക്ക് പങ്കില്ലെന്നും വ്യക്തമാക്കി.
കൂത്തുപറമ്പ് വെടിവയ്പ് കാലത്ത് കണ്ണൂര്‍ എസിപി ആയിരുന്ന റവാഡ ചന്ദ്രശേഖറിനെ പുതിയ പൊലീസ് മേധാവിയായി നിയമച്ചതില്‍ അതൃപ്തി പ്രകടമാക്കിയാണ് സി.പി.എം നേതാവ് പി.ജയരാജന്‍ രംഗത്തെത്തിയിരുന്നത്. അന്ന് റവാഡയ്ക്കതിരെ പാര്‍ട്ടി നിലപാട് എടുത്തിരുന്നുവെന്ന് ജയരാജന്‍ ഓര്‍മിപ്പിക്കുന്നു. സാധ്യതാ പട്ടികയിലുണ്ടായിരുന്ന നിധിന്‍ അഗര്‍വാളും സിപിഎമ്മുകാരെ മര്‍ദിച്ചിട്ടുള്ളയാളാണ്. സിപിഎം നേരത്തെ പരാതി നല്‍കിയിട്ടുള്ളതാണ്. ഇപ്പോഴത്തെ തീരുമാനം മെറിറ്റിന്‍റെ അടിസ്ഥാനത്തിലാണ്. നയപരമായ പ്രശ്നങ്ങളിലേ പാര്‍ട്ടി ഇടപെടാറുള്ളൂ. മെറിറ്റ് പരിശോധിക്കാന്‍ താന്‍ ആളല്ലെന്നും എന്നും കഴിഞ്ഞ ദിവസം ജയരാജന്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയുണ്ടായി.
അതേസമയം ഡിജിപി നിയമനവുമായി കൂത്തുപറമ്പ് വെടിവയ്പിനെ ബന്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ എംവി ജയരാജൻ രംഗത്തെത്തി. കൂത്ത്പറമ്പ് വെടിവെപ്പിന്റെ പേരിൽ ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്നത് ദുരുദ്ദേശപരമാണ്. വെടിവെപ്പിന് കാരണക്കാരൻ റവാഡ ചന്ദ്രശേഖർ അല്ല. റവാഡ ചന്ദ്രശേഖരന് പങ്കില്ലെന്ന് തെളിഞ്ഞതാണ്. മുതലക്കണ്ണീർ ഒഴുക്കുന്നത് കാണുമ്പോൾ അതിശയം തോന്നുന്നു. കേസിൽ പ്രതിയായ പത്മകുമാർ ഡിജിപിയായപ്പോൾ ആരും ഒന്നും മിണ്ടിയില്ലെന്നും ജയരാജൻ കായംകുളത്ത് പറഞ്ഞു.
റവാഡ ചന്ദ്രശേഖറിന്റെ നിയമനത്തില്‍ വിവാദത്തിന് കഴമ്പില്ലന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും പ്രതികരിച്ചു. കേന്ദ്രം നല്‍കിയ പട്ടികയില്‍ നിന്നേ തിരഞ്ഞെടുക്കാന്‍ കഴിയൂ. അന്വേഷണ റിപ്പോര്‍ട്ടില്‍ റവാഡയ്ക്കെതിരെ കണ്ടെത്തലില്ലന്നും കെ.കെ.രാഗേഷ് പറഞ്ഞു.