TOPICS COVERED

രണ്ടാം പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ അഖില്‍ മാരാര്‍. വയനാട് ദുരന്തവും പിണറായി വിജയൻ എന്ന മഹാദുരന്തവും എന്ന തലക്കെട്ടോടെയാണ് അഖിലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. പിണറായി വിജയൻ സർക്കാരിന് തുടർ ഭരണം നൽകിയതിനേക്കാൾ വലിയ ക്രൂരത കോവിഡ് ആരോടും ചെയ്തിട്ടില്ലെന്നും ഭരണത്തിന്‍റെ നേട്ടങ്ങൾ ആയിരുന്നില്ല മറിച്ചു ദുരന്തമായ  ഭരണത്തെ കോവിഡ് മറച്ചു പിടിച്ചു രക്ഷിച്ചത് കൊണ്ടായിരുന്നു പിണറായിയുടെ തുടർഭരണം എന്നും അഖില്‍ പറയുന്നു. 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉണ്ടായ സംസ്ഥാനം കേരളം ആണെന്ന യാഥാർഥ്യം മറച്ചു പിടിച്ചു പിണറായി ക്യാപ്റ്റനും ശൈലജ ടീച്ചർ മാലാഖയുമൊക്കെയായി മാറിയെന്നും മാലാഖ പണി തരും എന്ന ഘട്ടത്തിൽ ക്യാപ്റ്റൻ ബുദ്ധിപരമായി കെ.കെ.ശൈലജയെ  ഒതുക്കിയെന്നും അഖില്‍ ആരോപിക്കുന്നു. 

വയനാട് ദുരന്തബാധിതര്‍ക്ക് സഹായം നല്‍കാത്തതിനെതിരെയും അഖില്‍ പ്രതിഷേധം അറിയിക്കുന്നുണ്ട്. വയനാട്ടിലെ ആളുകളുടെ പ്രശ്നങ്ങളെക്കാളും വലിയ പ്രശ്നങ്ങൾ ആണ് കേരളത്തില്‍ സൂംമ്പയയും ഭാരതാമ്പയുമെന്നും പല ദുരന്തങ്ങളും അതിജീവിച്ച മലയാളിക്ക് ഈ ദുരന്തത്തെ അതി ജീവിക്കാനുള്ള ഓർമ ശക്തി അടുത്ത തിരഞ്ഞെടുപ്പിൽ കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നുവെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. 

ഫെയ്സ്‍ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

വയനാട് ദുരന്തവും പിണറായി വിജയൻ എന്ന മഹാദുരന്തവും...

കോവിഡ് ലോകത്തിൽ ഏറ്റവും വലിയ ദുരന്തം സമ്മാനിച്ചത് കേരളത്തിലെ ജനങ്ങൾക്ക് ആയിരുന്നു... പിണറായി വിജയൻ സർക്കാരിന് തുടർ ഭരണം നൽകിയതിനേക്കാൾ വലിയ ക്രൂരത കോവിഡ് ആരോടും ചെയ്തിട്ടില്ല..ഭരണത്തിന്റെ നേട്ടങ്ങൾ ആയിരുന്നില്ല മറിച്ചു ഈ ദുരന്തം പിടിച്ച ഭരണത്തെ കോവിഡ് മറച്ചു പിടിച്ചു രക്ഷിച്ചത് കൊണ്ടായിരുന്നു പിണറായിയുടെ തുടർഭരണം .. 2016മുതൽ 2020വരെ സർക്കാർ ചെയ്ത എല്ലാ ചെയ്തികളും മറവി ഒരു രോഗമാക്കിയ മലയാളികൾ മറന്ന് പോയതാണ് പിണറായി വിജയന്റെ ഈ തുടർഭരണം..

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉണ്ടായ സംസ്ഥാനം കേരളം ആണെന്ന യാഥാർഥ്യം മറച്ചു പിടിച്ചു പിണറായി ക്യാപ്റ്റനും ശൈലജ ടീച്ചർ മാലാഖയും ഒക്കെ ആയി മാറി.. മാലാഖ പണി തരും എന്ന ഘട്ടത്തിൽ ക്യാപ്റ്റൻ ബുദ്ധിപരമായി മാലാഖയെ പാർലമെന്റിൽ ഇട്ട് ഒതുക്കി..പോളിറ്റ് ബ്യുറോ മെമ്പറും മുഖ്യമന്ത്രി ആവാൻ സാധ്യത ഉണ്ടായിരുന്ന ബേബി സഖാവിനെ ഇത് പോലെ നേരത്തെ ഒതുക്കി...വി എസിനെ ഒതുക്കി ഒരു മൂലയിലാക്കി പിന്നീട് ലാവലിൻ പൊങ്ങി വരാതിരിക്കാൻ ബിജെപിയുമായി രഹസ്യ ഡീൽ വെച്ച പിണറായി കമ്മ്യൂണിസ്റ് പാർട്ടിയെ ബിജെപിക്ക് വിറ്റ് തന്റെ സ്ഥാനം ഭംഗിയാക്കി മുന്നോട്ട് കൊണ്ട് പോകുന്നു...

മാൻഡ്രേക്ക് വന്ന ശേഷം പല വിധ ദുരന്തങ്ങൾ നമുക്ക് ഉണ്ടായപ്പോഴും ഈ ദുരന്തങ്ങൾ ഒക്കെ പിണറായിയെ രക്ഷിക്കുക ആയിരുന്നു... പ്രളയം പിരിഞ്ഞു കിട്ടിയത് 5000കോടി രൂപയാണ്.. കോവിഡ് പിരിഞ്ഞു കിട്ടിയത് 2000കോടി രൂപയാണ്.. 

അതിനേക്കാൾ ഉപരി ചെകുത്താൻ രക്ഷകൻ ആകുന്ന മഹത്ഭുതവും.. അത് കൊണ്ടാണ് വയനാട് ദുരന്തം വന്നപ്പോൾ പിറ്റേ ദിവസം പണം പിരിക്കാൻ മുഖ്യൻ വന്നത്.. കാറ്റുള്ളപ്പോൾ തൂറ്റണം ഇത് നന്നായി അറിയുന്ന പിണറായി ജനങ്ങളുടെ വൈകാരിക അവസ്ഥയെയും വയനാട് ദുരന്തത്തെയും മുതലാക്കുന്നു എന്ന് മനസ്സിലാക്കി തന്നെയാണ് ജനങ്ങളോട് ഞാൻ ദുരിതാശ്വാസ നിധി വിജയന്റെ ആശ്വാസത്തിനാണ് എന്ന് പറഞ്ഞത്... 765 കോടി പിരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു..

അടുത്ത നിയമ സഭ തിരഞ്ഞെടുപ്പ് ആണ് ലക്ഷ്യം... കർണാടക സർക്കാർ 100വീടും വസ്തുവും വാഗ്ദാനം ചെയ്തു.. ആന്ത്രപ്രദേശ് 100വീടും വസ്തുവും വാഗ്ദാനം ചെയ്തു.. റിപ്പോർട്ടർ ചാനൽ വീടും വസ്തുവും വാഗ്ദാനം ചെയ്തു..

ഇന്ത്യൻ മലയാളി അസോസിയേഷൻ 25 വീട് വാഗ്ദാനം ചെയ്തു,, കെജി എബ്രഹാം 50 വീട് വാഗ്ദാനം ചെയ്തു..

ബോബി ചെമ്മന്നൂർ 100 വീട് വാഗ്ദാനം ചെയ്തു.. 1മുതൽ 10 വീടുകൾ വരെ ഞാൻ ഉൾപ്പെടെ നിരവധി വീടുകൾ പലരും വാഗ്ദാനം ചെയ്തു... അവരുടെ ഒന്നും വാഗ്ദാനം സർക്കാർ കേട്ടില്ല.. എന്താ കാരണം.. നാട്ടുകാരും മറ്റ് സംസ്ഥാനവും സഹായിച്ചാൽ ചെകുത്താൻ എങ്ങനെ രക്ഷകൻ ചമയും.. അവരോടൊക്കെ സർക്കാർ പറഞ്ഞു നിങ്ങളാരും വീട് വെച്ചു കൊടുക്കണ്ട പകരം ഒരു വീടിന് 20ലക്ഷം രൂപ വെച്ച് സർക്കാരിൽ അടയ്ക്കാൻ പറഞ്ഞു.. പലരും പിന്മാറി..

ജനങ്ങളുടെ ദുരിതത്തിന് പരിഹാരം ആയിരുന്നു പിണറായി ആഗ്രഹിച്ചതെങ്കിൽ ഇപ്പോൾ തന്നെ 90% കുടുംബങ്ങളും സ്വന്തം വീട്ടിൽ താമസം തുടങ്ങിയേനെ.. ഇനി 450 പേരെ ലിസ്റ്റ് ചെയ്ത സർക്കാരിൽ 105 കുടുബങ്ങൾ സർക്കാരിന്റെ വീട് വേണ്ട മുസ്ലിം ലീഗ് വെച്ചു കൊടുക്കുന്ന വീട് മതിയെന്ന് പറഞ്ഞു.. ലീഗിനെ വെറുപ്പിക്കാൻ സർക്കാരിന് കഴിയില്ല.. അതിനു പിന്നിലെ കാരണങ്ങൾ വയനാട് ജനതക്ക് അറിയാം.. ആ കുടുംബങ്ങൾക്ക് 15ലക്ഷം വീതം സർക്കാർ നൽകി.. സർക്കാരിന്റെ വീട് വേണ്ടാത്തവർക്ക് 15 ലക്ഷം വാങ്ങി ആഗ്രഹിക്കുന്ന സ്ഥലത്തു താമസിക്കാം.. ഇതാണ് പുതിയ തീരുമാനം..അപ്പോൾ പിന്നെ എന്തിനായിരുന്നു ടൌൺ ഷിപ്... നാട്ടുകാരുടെ പണം പിരിച്ചു പുട്ടടിക്കാൻ ഉള്ള ഒരു പദ്ധതി.. 450കുടുംബങ്ങൾ 15ലക്ഷം വാങ്ങി പോയാൽ സർക്കാരിന് ആകെ ചിലവ് 67.5കോടി രൂപ..അതായത് പിരിഞ്ഞു കിട്ടിയതിന്റെ പത്തിലൊന്ന്...

ബാക്കി തുക ഊരാലുങ്കൽ വഴി പാർട്ടിക്ക് കിട്ടാനുള്ള പദ്ധതികൾ ആണ് ഇപ്പോൾ നടക്കുന്നത്.. 195കോടി ടെണ്ടർ പോലും വിളിക്കാതെ ഊരാലുങ്കലിന് കൊടുത്തിട്ടുണ്ട്.. പുഴയുടെ സൈഡ് കെട്ടാൻ.. എന്തിനാണ് അതും ഈ തുക കേന്ദ്രത്തിന്റെ കൈയിൽ നിന്നും വായ്പ എടുത്തിട്ട്... ഈ എടുക്കുന്ന വായ്പ ഒന്നും പിണറായിയുടെ കുടുംബത്തിൽ നിന്നല്ലോ തിരിച്ചു അടയ്ക്കുന്നത്.. 50% തുക കട്ട് തിന്നാൻ ആണെന്ന് വയനാട്ടിലെ അന്തം കമ്മികൾ അല്ലാത്ത ജനതക്ക് നന്നായി അറിയാം... 6ലക്ഷം മരണപെട്ടവരുടെ ബന്ധുക്കൾക്ക് കൊടുത്തു എന്ന് പറയുന്നുണ്ട് അതിലെ നാല് ലക്ഷം കേന്ദ്രം കൊടുത്തതാണ്.. അല്ലെങ്കിൽ തന്നെ ഈ പണമൊക്കെ ഞങ്ങൾ നാട്ടുകാർ കൊടുത്തതാണ്.. മര്യാദക്ക് അത് വയനാട്ടിലെ പാവങ്ങൾക്ക് കൊടുക്കുക..

നമ്മുടെ നാട്ടിൽ അതിനേക്കാൾ വലിയ പ്രശ്നങ്ങൾ ആണ് സൂംമ്പയയും ഭാരതാമ്പയും.. പല ദുരന്തങ്ങളും അതി ജീവിച്ച മലയാളിക്ക് ഈ ദുരന്തത്തെ അതി ജീവിക്കാനുള്ള ഓർമ ശക്തി അടുത്ത തിരഞ്ഞെടുപ്പിൽ കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു..

ENGLISH SUMMARY:

Akhil Marar has said that even COVID was not as cruel as giving a second term to the Pinarayi government.