തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിൽസാ പ്രതിസന്ധിയെക്കുറിച്ച് തുറന്നു പറഞ്ഞ ഡോ. ഹാരിസ് അന്വേഷണ സമിതിക്ക് മുന്നിലും ആരോപണങ്ങളിൽ ഉറച്ചുനിന്നു. യൂറോളജി വിഭാഗത്തിൽ കാലങ്ങളായുള്ള ഉപകരണക്ഷാമത്തെ കുറിച്ച് ഡോ. ഹാരിസ് വിശദീകരിച്ചു. മറ്റ് വകുപ്പു മേധാവികളും മെഡിക്കൽകോളജിലെ പ്രശ്നങ്ങൾ അന്വേഷണ സമിതിയോട് വിശദീകരിച്ചു. ഫയൽ നീക്കത്തിൽ വ്യവസ്ഥയില്ലെന്ന് ചില വകുപ്പ് മേധാവികൾ തുറന്നടിച്ചു. എന്നാൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്ന് നിലപാടാണ് സൂപ്രണ്ടും പ്രിൻസിപ്പലും സ്വീകരിച്ചത്. ഡോക്ടർ ബി. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ അന്വേഷണ സമിതി ഉടൻ സർക്കാരിന് റിപ്പോർട്ട് നല്കും.

ആരോഗ്യ വകുപ്പിനെ കടുത്ത പ്രതിസന്ധിയിലാക്കിയായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ. ഉപകരണ ക്ഷാമം ഒരു വർഷം മുമ്പേ ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ചിരുന്നെന്നും തുടർനടപടികൾ ഉണ്ടായില്ലെന്നും ഡോക്ടർ ഹാരിസ് ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലും ആവര്‍ത്തിച്ചിരുന്നു. പകരണങ്ങൾക്കായി സന്നദ്ധ സംഘടനകൾക്ക് മുമ്പിൽ ഇരക്കാറുണ്ടെന്ന് പറഞ്ഞ ഡോക്ടർ രോഗികളിൽ നിന്ന് പണം പിരിവിട്ട് ഉപകരണങ്ങൾ വാങ്ങിയെന്ന ഗുരുതര  വെളിപ്പെടുത്തലും നടത്തുകയുണ്ടായി.

ഇതിനിടെ ഹാരിസിനു പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണ ക്ഷാമ പ്രതിസന്ധി വെളിപ്പെടുത്തി രോഗിയുടെ ബന്ധുവും രംഗത്തെത്തി. യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയയ്ക്ക്  ഉപകരണം വാങ്ങാന്‍ 8 രോഗികളില്‍ നിന്ന്  4000 രൂപവീതം ആവശ്യപ്പെട്ടെന്നും, 2000 രൂപ നല്‍കിയെന്നും രോഗിയുടെ ബന്ധു മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. കാരുണ്യപദ്ധതി, മരുന്ന്, ഉപകരണം വാങ്ങല്‍ തുടങ്ങിയവയില്‍ രണ്ടായിരം  കോടിയിലേറെയാണ് കുടിശിക. ഇതോടെ വിതരണക്കമ്പനികള്‍ ആശുപത്രികളെ കൈയൊഴിഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം.

അതേസമയ, ഡോ. ഹാരിസിന്‍റെ വെളിപ്പെടുത്തല്‍‌ വൻ വിവാദമായി നിൽക്കുന്ന പശ്ചാത്തലത്തില്‍ ഡോക്ടർമാരുടെ ദിനമായ നാളെ പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു. സംവിധാനത്തിന്റെ പരാജയത്തെ ഡോക്ടർമാരുടെ പിഴവായി ചിത്രീകരിക്കുന്നു എന്ന്  സംഘടന ആരോപിച്ചു. എല്ലാ മെഡിക്കൽ കോളജുകൾക്കു മുമ്പിലും ധർണ സംഘടിപ്പിക്കും. രോഗീ പരിചരണത്തെയോ ഒപി സേവനങ്ങളെയോ ബാധിക്കില്ല. ശമ്പള, ആനുകൂല്യ വർധനയും ഡോക്ടർമാരുടെ അമിത ഭാരവും  അടക്കമുള്ള വിഷയങ്ങളും ഉയർത്തിയാണ് പ്രതിഷേധം.  

ENGLISH SUMMARY:

Dr. Haris reiterated his claims about critical equipment shortages in the urology department of Thiruvananthapuram Medical College during a probe committee hearing. Other department heads also raised systemic issues, while some criticized delays in file movement. Despite these testimonies, the principal and superintendent claimed there were no major problems. The four-member inquiry committee, led by Dr. B. Padmakumar, is expected to submit its report to the government soon.