ഹാരിസ് ഡോക്ടർ ധൈര്യത്തിന്റെ പ്രതീകമാണെന്ന് പിവി അൻവർ. ജനാധിപത്യം വെല്ലുവിളി നേരിടുമ്പോൾ പട്ടാപ്പകൽ പൊതുമുതൽ കൊള്ള ചെയ്യപ്പെടുമ്പോൾ നമുക്കിടയിൽ നിന്നു തന്നെ തിരുത്തൽ ശക്തികൾ ഉദയം ചെയ്യുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

സംസ്ഥാനത്തെ ഉദ്യോഗസ്ഥ മേധാവികൾ മാതൃകയാക്കേണ്ട വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഒരു സിസ്റ്റത്തിനകത്തിരുന്ന് കൊണ്ട് തന്നെ സധൈര്യം സർക്കാറിന്റെ കെടുകാര്യസ്ഥതയെ തുറന്നു പറയാൻ കാണിച്ച ആർജ്ജവത്തിന് റെഡ് സല്യൂട്ട്.

ഒന്ന് രണ്ട് കാര്യങ്ങൾ പറഞ്ഞു പോകാൻ ആഗ്രഹിക്കുന്നു. മെറിറ്റിൽ പഠിച്ചിറങ്ങുന്ന ഒരോ മെഡിക്കൽ വിദ്യാർഥികൾക്കുമായി 30 ലക്ഷത്തിലധികം രൂപയാണ് സർക്കാറിന് ശരാശരി ചിലവഴിക്കേണ്ടി വരുന്നത്. അങ്ങനെ പൊതുഖജനാവിൻ്റെ സഹായത്തോടെ പഠിച്ച് ഡോക്ടറാകുന്നവർ സമൂഹത്തോട് പ്രതിജ്ഞാബദ്ധമായിരിക്കാൻ ഉത്തരവാദിത്വമുള്ളവരാണ്. ആ ഉത്തരവാദിത്വമാണ് ഡോക്ടർ കഴിഞ്ഞദിവസം നിർവഹിച്ചിട്ടുള്ളത്.

സർക്കാർ മെഡിക്കൽ കോളേജുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടി കോഴ്സ് പൂർത്തീകരിച്ച് പുറത്തിറങ്ങുന്ന മെഡിക്കൽ വിദ്യാർഥികൾ പത്തുവർഷത്തോളമെങ്കിലും ശമ്പളത്തോടുകൂടി സർക്കാറിനെയും പൊതുജനങ്ങളെയും സേവിക്കണമെന്ന നിയമം അടിയന്തരമായി സർക്കാർ പാസാക്കേണ്ടതുണ്ട്.

പൊതു മുതൽ ഉപയോഗിച്ച് പഠിച്ചിറങ്ങിയവരെ കൊണ്ട് നാടിന് എന്തെങ്കിലും നേട്ടം ഉണ്ടാവണ്ടേ? മറ്റൊരു കാര്യം  "പണിമുടക്കുന്ന" സർക്കാർ ആശുപത്രികളിലെ മെഷിനറികളാണ്. എക്സ്-റേ,സ്കാനിങ്,ലാബ് തുടങ്ങി സർക്കാർ ആശുപത്രികളിലെ സാധാരണക്കാർക്കായി പ്രവർത്തിക്കേണ്ട മിഷിനുകൾ എല്ലാം "കൃത്യമായി" പ്രവർത്തനരഹിതമാകുന്നത് ഗൗരവതരമായി അന്വേഷിക്കേണ്ടിയിരിക്കുന്നു. ഇതിനു പിന്നിൽ ഒരു ലോബി തന്നെ പ്രവർത്തിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

സർക്കാർ ആശുപത്രികൾക്ക് ചുറ്റും കൂണുകൾ പോലെ മുളച്ചു പൊന്തുന്ന എക്സ് റേ സ്കാനിങ് ലാബ് കേന്ദ്രങ്ങൾ ഇതിന് തെളിവാണ്. ഇത്തരം കേന്ദ്രങ്ങളുമായി അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്ന ചിലർക്കെങ്കിലും അവിശുദ്ധ ബാന്ധവമുണ്ട് എന്നതിൽ ആർക്കാണ് സംശയം!

ഇത്തരം മെഷിനറികൾ സ്ഥാപിക്കുന്ന സമയത്ത് തന്നെ കേടുപാടുകൾ പരിഹരിക്കാനും ബന്ധപ്പെട്ട കമ്പനിക്ക് ചുമതലയുണ്ട്  എന്ന് വ്യവസ്ഥയുള്ളത് മറക്കരുത്.ഈ വിഷയവുമായി ബന്ധപ്പെട്ട് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ആവില്ല.

കോടിക്കണക്കിന് രൂപയുടെ ടെൻഡറുകളും കമ്മീഷനുകളും തീവെട്ടി കൊള്ളയും  തുറന്നു കാണിക്കുന്നതാണ് സർക്കാർ ആരോഗ്യകേന്ദ്രങ്ങളുടെയും ആശുപത്രികളുടെയും ശോചനീയാവസ്ഥ. അവസാനമായി പറയാനുള്ളത് ആരോഗ്യമന്ത്രിയുടെ ഓഫീസിൻ്റെ നിരുത്തരവാദിത്വത്തെയും കെടുകാര്യസ്ഥതയും കുറിച്ചാണ്. ഇത്തരത്തിൽ ഒരു പിഴവ് ചൂണ്ടിക്കാണിച്ച ഉദ്യോഗസ്ഥനോട് സോഷ്യൽ മീഡിയയിൽ അദ്ദേഹം എഴുതിയ പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെടുന്നതിന് പകരം ആർജ്ജവം ഉണ്ടെങ്കിൽ ആരോഗ്യമന്ത്രി നേരിട്ട് എത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു വേണ്ടിയിരുന്നത്. പക്ഷേ നിർഭാഗ്യകരം എന്ന് പറയട്ടെ,സർക്കാർ ശ്രമിച്ചത് പ്രതികരിച്ച വകുപ്പ് മേധാവിയായ ഡോക്ടറുടെ വായടപ്പിക്കാനാണ്. ഇത് ജനാധിപത്യ രീതിയല്ല.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഇത്തരം കാര്യങ്ങളെല്ലാം നിയന്ത്രിക്കപ്പെടുന്നത് എന്നതാണ് വസ്തുത. ആരോഗ്യവകുപ്പിൽ മാത്രമല്ല സംസ്ഥാനത്തെ എല്ലാ വകുപ്പിലും നേരിട്ട് ഇടപെടുകയാണ് മുഖ്യമന്ത്രിയും കുടുംബവും. മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിക്കുന്ന സെക്രട്ടറിമാർ എല്ലാ വകുപ്പ് മന്ത്രിമാരോടൊപ്പംവും ഉന്നത സ്ഥാനങ്ങളിൽ ഉണ്ട്. മന്ത്രിമാർ ബോർഡ് വെച്ച കാറിൽ യാത്ര ചെയ്യുന്ന അലങ്കാരം മാത്രമാണ്. ആരോഗ്യമന്ത്രി എന്ന നിലയിൽ പ്രശംസനീയമായ പ്രകടനം കാഴ്ചവച്ച സഖാവ് ശൈലജ ടീച്ചറെ പ്രസ്തുത സ്ഥാനത്തു നിന്നും നീക്കിയതിൻ്റെ യഥാർത്ഥ ഉദ്ദേശം വെളിവാകുന്നത് ഇവിടെയാണ്. പാർട്ടിയുടെ ഉന്നത പദവിയിലിരിക്കുന്ന  ടീച്ചറുടെ വകുപ്പിൽ ഇടപെടാനും നിയന്ത്രിക്കാനും സാധിക്കില്ല എന്ന് തന്നെയാണ് കാരണം.

എത്ര മൂടി വെക്കാൻ ശ്രമിച്ചാലും,അടിച്ചമർത്തിയാലും,തിരുത്തൽ ശക്തികൾ ഉദയം ചെയ്യും.ഞാൻ പറഞ്ഞില്ലേ ഇത് ലോകത്തിന് മാതൃകയായ ഇന്ത്യൻ ജനാധിപത്യത്തിൻ്റെ സവിശേഷതയാണ്. പിണറായിസത്തിൻ്റെ കെട്ടകാലത്ത് ഡോക്ടർ ഹാരിസിനെ പോലുള്ളവർ പകരുന്ന വെളിച്ചം മാത്രമാണ് ആശ്വാസകരമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

PV Anvar facebook post about dr haris