തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം വകുപ്പ് അറിഞ്ഞിട്ടില്ലെന്ന ആരോഗ്യമന്ത്രിയുടെ പ്രതികരണത്തിന് മറുപടിയുമായി ഡോ.ഹാരിസ് ഹസന്‍. ഉപകരണക്ഷാമം ഒരു വര്‍ഷം മുന്‍പേ മന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരുന്നെന്ന് ഡോ.ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ നേരിട്ടറിയിച്ചു. മെഡി. കോളജ് മുന്‍ പ്രിന്‍സിപ്പലും ഒപ്പമുണ്ടായിരുന്നു. സൂപ്രണ്ടിനോട് തുടര്‍നടപടിക്ക് പി.എസ് നിര്‍ദേശിച്ചെങ്കിലും പിന്നീട് തുടര്‍നടപടി ഉണ്ടായില്ലെന്ന് ഹാരിസ് പറയുന്നു. ഹാരിസ് പറഞ്ഞ വിഷയം സര്‍ക്കാരില്‍ എത്തിയിട്ടില്ല. സംസാരിക്കുന്നത് ഡേറ്റയുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു ഇന്നലെ മന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചത്. മന്ത്രിയെ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കില്ല. എല്ലാം കൃത്യമായി നടക്കുന്നുണ്ടെന്ന് പറഞ്ഞിരിക്കാം എന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു.
ഉപകരണങ്ങള്‍ക്കായി ഇരന്ന് മടുത്തെന്നും ഡോ. ഹാരിസ് പ്രതികരിച്ചു. രോഗികളെകൊണ്ട് ഉപകരണങ്ങള്‍ വാങ്ങിപ്പിക്കേണ്ട സ്ഥിതിയാണെന്നും രോഗികളില്‍ നിന്ന് പണം പിരിവെടുത്ത് ഉപകരണങ്ങള്‍ വാങ്ങുന്നതുകൊണ്ടാണ് ശസ്ത്രക്രിയകള്‍ പലതും മുടങ്ങാത്തതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ നടപടിയില്‍ ഭയമില്ല. സര്‍ക്കാര്‍ മെഡി. കോളജിലാണ് താന്‍ പഠിച്ചത്. അതിനാലാണ് സേവനം സര്‍ക്കാരിന് നല്‍കുന്നത്. ഒപ്പമുള്ളവര്‍ സ്വകാര്യമേഖലയില്‍ പോയി കോടീശ്വരന്മാരായി. എന്ത് വിശദീകരണം ചോദിച്ചാലും കൃത്യമായ മറുപടി നല്‍കും. ഹാരിസ് പറയുന്നു. വെല്ലുവിളിയല്ല, തോല്‍പിക്കാനുമില്ലെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു. കടുത്ത മാനസിക സമ്മര്‍ദം നേരിടുന്നുണ്ട്. രോഗികള്‍ക്കുമുന്നില്‍ നിസ്സഹായനായി നില്‍ക്കേണ്ടിവരുന്നു. എല്ലാം നല്ല രീതിയില്‍ നടക്കണം, രോഗികള്‍ കഷ്ടപ്പെടരുത്, അദ്ദേഹം പറഞ്ഞു.
നേരത്തെ ഉപകരണങ്ങൾ വാങ്ങിക്കാൻ വിവിധ ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞെന്നും ലജ്ജയും നിരാശയും തോന്നുന്നു എന്നുമായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന്‍റെ വെളിപ്പെടുത്തൽ. എന്നാൽ ഇതൊരു ഒറ്റപ്പെട്ട അനുഭവം അല്ലെന്നും പല വിഭാഗങ്ങളിലും സമാന സ്ഥിതിയുണ്ടെന്നും ആണ് മെഡിക്കൽ കോളജിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച യൂറോളജി വിഭാഗത്തിലെ നാല് ശസ്ത്രക്രിയകളാണ് ഇത് മൂലം മുടങ്ങിയത്. പലപ്പോഴും ഉപകരണക്ഷാമത്തെ തുടർന്ന് ശസ്ത്രക്രിയകൾ അനിശ്ചിതമായി നീട്ടിവയ്ക്കുന്ന രീതിയും ഉണ്ട്. ചിലപ്പോൾ ശസ്ത്രക്രിയ തീയതി കിട്ടാൻ മാസങ്ങൾ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയാണ്. രോഗികൾ ഉപകരണങ്ങൾ വാങ്ങി നൽകുന്നതും പതിവാണ്. പല വിതരണ കമ്പനികൾക്കും കോടികൾ കുടിശ്ശിക ഉള്ളതുകൊണ്ട് ഉപകരണങ്ങൾ നൽകുന്നത് നിർത്തിവെച്ചിരിക്കുകയാണ്. തനത് ഫണ്ട് ഉപയോഗിച്ച് ഉപകരണങ്ങൾ വാങ്ങാൻ കഴിയുന്ന ആശുപത്രി വികസന സമിതി നോക്കിനിന്നതും പ്രശ്നങ്ങൾ വഷളാക്കുകയായിരുന്നു.
കാർഡിയോളജി, ഗ്യാസ്ട്രോ വിഭാഗങ്ങളിലും സമാന പ്രതിസന്ധിയുണ്ട്. ഡോ ഹാരിസിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ മെഡിക്കൽ കോളജുകളിലെ ഉപകരണ ക്ഷാമം സ്ഥിരീകരിച്ച് ഡോക്ടർമാരുടെ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. ഉപകരണങ്ങൾ വാങ്ങുന്നതിലും ഫയലുകൾ നീക്കുന്നതിലും കെടുകാര്യസ്ഥതയെന്ന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്‍റ് ഡോ റോസ്നേരാ ബീഗം മനോരമ ന്യൂസിനോട് പറഞ്ഞു. യൂറോളജിയിൽ മാത്രമല്ല മിക്ക ഡിപ്പാർട്മെന്‍റുകളിലും പ്രതിസന്ധിയുണ്ടെന്നും രോഗികൾ ദുരിതമനുഭവിക്കുന്നുവെന്നും ഡോ റോസ്നേര പറഞ്ഞു. തുറന്ന് പറച്ചിലിൽ ഡോ ഹാരിസിനെതിരെ നടപടിയുണ്ടായാൽ ഡോക്ടർമാർ സമരത്തിലേയ്ക്കു നീങ്ങുമെന്നും കെജിഎംസിടിഎ പ്രസിഡന്‍റ് പറഞ്ഞു.