നാടിന്റെ വികസനത്തിന് സർക്കാരോ പ്രതിപക്ഷമോ എന്ന വ്യത്യാസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ പുതിയ തൊഴിൽ ബിസിനസ് സംസ്കാരം ഉണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. വികസനത്തിനായുള്ള രാഷ്ട്രീയസമവായമാണ് കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതെന്ന് വ്യവസായി എം.എ.യൂസഫലി. കൊച്ചി സ്മാർട്ട് സിറ്റിയിലെ ലുലു ട്വിൻ ടവർ ഉദ്ഘാടനവേദിയിലാണ് പരാമർശങ്ങൾ.
1,500 കോടിയിലേറെ രൂപയുടെ മുതൽമുടക്കുള്ള ഐടി സമുച്ചയം നാടിന് സമർപിക്കുമ്പോൾ എം.എ.യൂസഫലിയെ വാനോളം പുകഴ്ത്തി മുഖ്യമന്ത്രി. ഒപ്പമുള്ളവരോട് അടുപ്പം പുലർത്തുകയും ഒപ്പം നിൽക്കുകയും ചെയ്യുന്ന യൂസഫലിയെ അബുദാബിയിലെ തുടക്കകാലത്തുതന്നെ താൻ തിരിച്ചറിഞ്ഞിരുന്നുവെന്ന് മുഖ്യമന്ത്രി. വികസനത്തിന് സർക്കാർ പ്രതിപക്ഷ വ്യത്യാസമില്ലെന്നും നാടിന്റെ വികസനമുണ്ടായേ മതിയാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇമോഷണൽ റിസ്ക് അല്ല കാൽക്കുലേറ്റഡ് റിസ്ക് എടുക്കുന്നയാളാണ് യൂസഫലിയെന്നും കേരളത്തിൽ പുതിയ തൊഴിൽ ബിസിനസ് സംസ്കാരം ഉണ്ടാകണമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. കേരളത്തിലെ തുടക്കകാലത്ത് പദ്ധതികൾ കൊണ്ടുവന്ന തന്നെ പലരും പിന്നോട്ടടിക്കാൻ ശ്രമിച്ചപ്പോൾ തുണയായത് രാഷ്ട്രീയസമവായമായിരുന്നുവെന്ന യൂസഫലിയുടെ പരാമർശത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും യൂസഫലിയെ പ്രശംസിച്ചത്. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും നിക്ഷേപകരും ഉൾപ്പടെ ചടങ്ങിൽ പങ്കെടുത്തു.