മലപ്പുറം കാടാമ്പുഴയിൽ ഉണ്ടായ ഒരു വയസ്സുകാരന്റെ അസ്വഭാവിക മരണത്തിൽ പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനം. പെരിന്തൽമണ്ണ ആർഡിഒയുടെ സാന്നിധ്യത്തിലാകും മൃതദേഹം പുറത്തെടുക്കുക. മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കും. ഇന്നലെ മരിച്ച കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് കബറടക്കിയത്.
കോട്ടക്കൽ സ്വദേശികൾ ആയ നവാസ് - ഹറീറ ദമ്പതികളുടെ ഒരു വയസുകാരൻ മകൻ എസൻ എർഹാൻ ആണ് മരിച്ചത്. അക്യുപങ്ചർ ചികിത്സ മാത്രം സ്വീകരിക്കുന്ന ഇവർ മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് ശാസ്ത്രീയ ചികിത്സ നൽകിയില്ലെന്നാണ് പരാതി. മാതാപിതാക്കളുടെ മൊഴിയെടുത്ത പൊലീസും ആരോഗ്യവകുപ്പും കുട്ടിക്ക് ഇതുവരെ ഒരു കുത്തിവെപ്പ് പോലും എടുത്തിട്ടില്ലെന്നും മനസ്സിലാക്കി. കുട്ടിക്ക് ചികിത്സ നൽകുന്നതിൽ മാതാപിതാക്കൾക്ക് വീഴ്ച ഉണ്ടായതായാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റുമോർട്ടം നടത്തി മരണകാരണം കണ്ടെത്താൻ തീരുമാനിച്ചത്.
എന്നാൽ മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് ദിവസങ്ങൾക്ക് മുമ്പ് തന്നെ അസുഖം ഭേദമായിരുന്നു എന്നാണ് മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വാദം. നാട്ടുകാരിൽ ചിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് അന്വേഷണം നടത്തിയത്. അക്യുപങ്ചർ ചികിത്സയിലൂടെ വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്ന നവാസ് - ഹറീറ ദമ്പതികൾ സമൂഹമാധ്യമങ്ങളിലും സജീവമാണ്.