മെഡിക്കല്‍ കോളജ് വകുപ്പ് മേധാവി തന്നെ പരാധീനതകള്‍ എണ്ണിപ്പറഞ്ഞത് രംഗത്ത് വന്നത് ആരോഗ്യവകുപ്പിന് ഒാര്‍ക്കാപ്പുറത്തേറ്റ അടിയായി. ഏഴുമാസംമുമ്പ് ആരോഗ്യമന്ത്രിയുടെ ഓഫീസിനെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമത്തേക്കുറിച്ച് അറിയിച്ചിരുന്നെന്നാണ് ഡോ ഹാരിസ് വെളിപ്പെടുത്തിയത്. ഇതോടെ ആരോപണ മുന ആരോഗ്യമന്ത്രിയുടെ നേര്‍ക്ക് തന്നെ തിരിച്ചു, ഇടതുപക്ഷക്കാരന്‍ കൂടിയായ ഡോക്ടര്‍. എന്നാല്‍ ഡോക്ടര്‍ പറഞ്ഞ വിഷയം സര്‍ക്കാരില്‍ എത്തിയിട്ടില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം.
സഹോദരീ ഭര്‍ത്താവും സിപിഎം നേതാവുമായ കരമന ഹരിയെ വിളിച്ച് സമ്മര്‍ദപ്പെടുത്തി പോസ്റ്റ് പിന്‍വലിപ്പിച്ചെങ്കിലും യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ കഴിയില്ല ആരോഗ്യവകുപ്പിന്. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ക്ക് ക്ഷാമം ഉണ്ടെന്നും ഇതിന്‍റെ പേരില്‍ അടിയന്തര ശസ്ത്രക്രിയകള്‍ പോലും പ്രതിസന്ധിയിലാണെന്നും പലവട്ടം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുവെന്നാണ് ഡോ ഹാരിസിന്‍റെ വെളിപ്പെടുത്തല്‍. അതില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഉള്‍പ്പെടുന്നു. നാഴികയ്ക്ക് നാല്പത് വട്ടം നമ്പര്‍ വണ്‍ ആരോഗ്യ കേരളം എന്ന് ആവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജിലേയ്ക്ക് പലവട്ടം ഒാടിയെത്തുന്ന ആരോഗ്യമന്ത്രി പക്ഷേ എന്തുകൊണ്ട് ഇടപെട്ടില്ലെന്ന ചോദ്യമാണ് ബാക്കി. ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും പരിശോധിക്കുമെന്നുമുളള പതിവ് പ്രതികരണമായിരുന്നു ആരോഗ്യമന്ത്രിയുടേത്.
പരസ്യമായി രംഗത്തെത്തുന്നില്ലെങ്കിലും ചികില്‍സാ ഉപകരണങ്ങളുടെ കാര്യത്തില്‍ വന്‍പ്രതിസന്ധിയാണ് മെഡിക്കല്‍ കോളജുകളിലുളളതെന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനാ നേതാക്കള്‍ അടക്കം രഹസ്യമായി സമ്മതിക്കുന്നു. പഞ്ഞി മുതല്‍ ഹൃദയ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന സ്റ്റെന്‍റിന് വരെ ക്ഷാമമുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വിതരണക്കാര്‍ക്ക് കോടികള്‍ നല്കാനുളളതാണ് പ്രതിസന്ധിയുടെ മുഖ്യകാരണം.