മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറന്നേക്കും. കനത്ത മഴയെ തുടർന്ന് ജലനിരപ്പ് 135 അടി പിന്നിട്ടതോടെയാണ് തമിഴ്നാട് ജനസേചന വകുപ്പിന്റെ തീരുമാനം. റൂൾ കർവ് പ്രകാരം ജലനിരപ്പ് 136 അടിയായൽ ഷട്ടറുകൾ തുറക്കും. ഷട്ടറുകൾ തുറക്കുന്നതിന് മുന്നോടിയായി ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി.
പെരിയാർ, മഞ്ജുമല, ഉപ്പുതറ, ഏലപ്പാറ, തുടങ്ങി വിവിധ വില്ലേജുകളിലായി 3220 പേരെ മാറ്റി പാർപ്പിക്കാനാണ് തീരുമാനം. ഇവർക്കായി 20 ഓളം ക്യാമ്പുകൾ ഒരുക്കി. നിലവിൽ ഡാമിലെ ജലനിരപ്പ് 135.25 അടിയാണ്. റവന്യൂ പൊലീസ് അധികാരികളുടെ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു
തൃശൂര്‍ പീച്ചി ഡാമിന്‍റെ നാലു ഷട്ടറുകള്‍ ഇന്ന് തുറക്കും. ഇന്ന് രാവിലെ പതിനൊന്നിന് ഡാം തുറക്കും. നാലു ഷട്ടറുകളും നാലിഞ്ച് വീതം തുറക്കും. മണലി, കരുവന്നൂര്‍ പുഴകളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പുഴകളുടെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കനത്ത മഴയില്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണിത്.
അതേ സമയം കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതതയുണ്ട്. 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും കടലേറ്റത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല. മണിമലയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ഓറഞ്ച് അലർട്ട് നൽകി. പമ്പാനദി, മൂവാറ്റുപുഴ, ഭാരതപ്പുഴ, മീനച്ചിൽ, അച്ചൻ കോവിൽ, പെരിയാർ, ചാലക്കുടി പുഴ, കബനി നദി എന്നിവിടങ്ങളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. തീരദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി. 29 വരെ മഴ തുടരും.