rain-boat

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ആണ് മഴ ശക്തമാക്കുന്നത്. 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും കടലേറ്റത്തിനും സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴ, ഭാരതപ്പുഴ, അച്ചൻ കോവിൽ, മണിമല ആറുകൾ, പെരിയാർ, ചാലക്കുടി പുഴ എന്നിവിടങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. തീരദേശവാസികൾ ജാഗ്രത നിർദ്ദേശം പാലിക്കണം. ഈ മാസം 29 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം, കനത്തമഴ കണക്കിലെടുത്ത് ഇന്ന് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പാലക്കാട്ട് പ്രഫഷനല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. നിലമ്പൂര്‍, ചേര്‍ത്തല, കുട്ടനാട് താലൂക്കുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

കോഴിക്കോട് യെല്ലോ അലര്‍ട്

കോഴിക്കോട് ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രിയിലും മലയോര പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ശക്തമായ മഴ പെയ്തു. കക്കയം ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് രണ്ട് ഷട്ടറുകള്‍ തുറന്നു. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആനക്കാംപൊയില്‍ കണ്ടപ്പന്‍ച്ചാലില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ജില്ലയിലെ ചാലിയാര്‍, ഇരുവ‍ഞ്ഞിപ്പുഴ, പുനൂര്‍ പുഴ എന്നിവിടങ്ങളില്ലൊം ജലനിരപ്പ് ഉയര്‍ന്നു. മാവൂരില്‍ താഴ്ന്ന പ്രദേശത്തെ മൂന്ന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

ബാണാസുര ഡാം തുറക്കും

കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ വയനാട് ബാണാസുര ഡാമിന്റെ ഷട്ടർ ഇന്ന് തുറക്കും. സ്പിൽവേ ഷട്ടർ രാവിലെ 10 മണിക്കാണ് തുറക്കുക. ഷട്ടർ 10 സെൻ്റീമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 50 ക്യുബിക് മീറ്റർ വെള്ളം ഘട്ടം ഘട്ടമായി പുറത്തേക്ക് ഒഴുക്കും. കരമാൻതോട്, പനമരം പുഴ തുടങ്ങി താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വെള്ളം കൂടുതൽ ഉയരുന്ന സാഹചര്യം ഉണ്ടായാൽ ആളുകളെ മാറ്റിപാർപ്പിക്കും. അതേസമയം, ശക്തമായ മഴയിൽ വെള്ളമുണ്ട പുളിഞ്ഞാലിൽ പാറക്കല്ല് താഴ്‌ന്ന് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. സമീപത്തെ ഉന്നതിയിലെ 26 കുടുംബങ്ങളെ രാത്രി ക്യാംപിലേക്ക് മാറ്റി. കോട്ടത്തറ, പനമരം പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.

എറണാകുളത്ത് കനത്ത മഴ

എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാത്രിയും കനത്ത മഴ. മണിക്കൂറില്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശി. പ്രഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്‍ററുകള്‍ക്കും അവധി ബാധകമാണ്. ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 24 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കാലവര്‍ഷത്തില്‍ ജില്ലയില്‍ ഇതുവരെ 291 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. മൂവാറ്റുപുഴ, തൊടുപുഴ ആറുകളിലെ ജലനിരപ്പ് അപകട നില പിന്നിട്ടു. കാലടിയിലെ പള്ളിത്താഴം, പറവൂരിലെ കുന്നുകര, മൂവാറ്റുപുഴ ഇലാഹിയ നഗര്‍, ആലുവ കടുങ്ങല്ലൂര്‍, മുപ്പത്തടം എന്നിവിടങ്ങളില്‍ വീടുകളിലേയ്ക്ക് വെള്ളം കയറി.

ENGLISH SUMMARY:

The India Meteorological Department (IMD) has issued an orange alert in five districts of Kerala due to the possibility of heavy rainfall today. The districts under orange alert are Ernakulam, Idukki, Thrissur, Malappuram, and Wayanad, while a yellow alert has been declared in several other districts. A low-pressure system over the Bay of Bengal is intensifying the rainfall. Fishermen have been warned as winds could reach speeds up to 60 km/h, with high waves expected along the coast. Rivers including Muvattupuzha, Bharathappuzha, Achankovil, Manimala, Periyar, and Chalakudy are witnessing rapid rises in water levels. Residents in coastal and low-lying areas are advised to stay alert. Rainfall is expected to continue until June 29.