തിരുവനന്തപുരത്ത് വ്യാജ മാല മോഷണപരാതിയിൽ ദലിത് സ്ത്രീക്ക് പൊലീസ് പീഡനമേറ്റ കേസിൽ പരാതിക്കാരിക്കെതിരെ കേസെടുക്കാൻ എസ് സി -എസ് ടി കമ്മിഷന്റെ ഉത്തരവ്. ചുള്ളിമാനൂർ സ്വദേശി ബിന്ദുവിന്റെ പരാതിയിൽ കവടിയാർ സ്വദേശി ഓമന ഡാനിയേലിനെതിരെ കേസെടുക്കാനാണ് നിർദ്ദേശം. മനോരമ ന്യൂസിലൂടെയാണ് ബിന്ദു പൊലീസ് സ്റ്റേഷനിൽ താൻ നേരിട്ട  ക്രൂരതകൾ വിശദമായി വെളിപ്പെടുത്തിയത്.

വീട്ടുജോലിക്കാരിയായിരുന്ന ബിന്ദു രണ്ടരപ്പവന്റെ മാല മോഷ്ടിച്ചെന്ന് കവടിയാർ സ്വദേശിനി ഓമന ഡാനിയേൽ പേരൂർക്കട സ്റ്റേഷനിൽ പരാതി നല്കിയതോടെയാണ് ബിന്ദുവിൻ്റെ നരകയാതനകൾ തുടങ്ങിയത്. ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത പേരൂർക്കട പൊലീസ് 20 മണിക്കൂറോളം അനധികൃത തടങ്കലിൽ വെച്ചു. മാല പിന്നീട് ഓമന ഡാനിയേലിന്റെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തുകയായിരുന്നു. വ്യാജ പരാതി നൽകിയതിനാണ് ഓമന ഡാനിയേലിനെതിരെ കേസെടുക്കാൻ എസ് സി എസ് ടി കമ്മിഷൻ ഉത്തരവിട്ടത്.

ദലിത് സ്ത്രീയായ ബിന്ദു സ്റ്റേഷനിൽ അനുഭവിച്ച പീഡനം കാണാതിരിക്കാൻ ആകില്ലെന്ന് ഉത്തരവിൽ പറയുന്നു.വ്യാജ പരാതി നൽകിയ വീട്ടുടമയ്ക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പേരൂർക്കട എസ് എച്ച്  എയ്ക്ക് നൽകിയിരിക്കുന്ന ' നിർദേശം. കൻ്റോൺമെന്റ് എസിപി നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ് സി - എസ് ടി കമ്മിഷന്റെ ഇടപെടൽ.

ഏപ്രിൽ 23നാണ് മോഷണക്കുറ്റം ആരോപിച്ച് ബിന്ദുവിനെ പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനിൽ നേരിട്ട ക്രൂരതകൾ ബിന്ദു വെളിപ്പെടുത്തിയതിന് പിന്നാലെ എസ് എച്ച് ഒ യെ  സ്ഥലം മാറ്റുകയും എസ് ഐ  ഉൾപ്പെടെ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ നൽകുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

In a significant development in Thiruvananthapuram's fake chain theft case, the SC/ST Commission has ordered police to register a case against Omana Daniel, who falsely accused her Dalit domestic worker, Bindu, of theft. Bindu had previously alleged police torture during her illegal 20-hour detention.