നിലമ്പൂരിന്റെ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ നിയമസഭയിൽ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. വിവാദങ്ങൾക്ക് പിന്നാലെ പോകാൻ സമയമില്ലെന്നും ഉള്ള ചുരുങ്ങിയ സമയം നിലമ്പൂരിലെ ജനങ്ങൾക്കായി ചെലവഴിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
ശങ്കരനാരായണൻ തമ്പി ഹാളിൽ തിങ്ങി നിറഞ്ഞ നിലമ്പൂർ സദസിനെ സാക്ഷിനിർത്തിയായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ. സത്യവാചകം ചൊല്ലിയതിന് പിന്നാലെ മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും മന്ത്രിമാരും ഷൗക്കത്തിനെ അനുമോദിച്ചു.
നിലമ്പൂരിന് നന്ദി പറഞ്ഞ് കടമ്പകൾ ഏറെയുണ്ടെന്ന് ഷൌക്കത്തിന്റെ പ്രതികരണം. സത്യപ്രതിജ്ഞ ചടങ്ങ് കാണാൻ ഷൗക്കത്തിന്റെ ഭാര്യ മുംതാസും മകൾ ഒസ്ലിനും കൊച്ചുമകൾ മലീഹയും എത്തിയിരുന്നു. യുഡിഎഫിന്റെ അംഗബലം 41ൽ നിന്ന് 42 ആയതിന്റെ സന്തോഷത്തിലായിരുന്നു വി.ഡി.സതീശന്റെ വാക്കുകളിൽ ആകെ. നിയമസഭയിൽ ഭരണപ്രതിപക്ഷ അംഗബലത്തിൽ നിലമ്പൂർ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. അത് പ്രകടമായി പ്രതിഫലിക്കുന്നതായിരിക്കും അടുത്ത നിയമസഭാ സമ്മേളനം.