സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ. വയനാട് മുത്തങ്ങയില്‍ കല്ലൂര്‍പുഴ കരകവിഞ്ഞു. ചൂരല്‍മല പുന്നപ്പുഴയില്‍ കുത്തൊഴുക്ക് തുടരുന്നു. ബെയ്‌ലി പാലത്തിന്റെ ഭിത്തിയില്‍ മണ്ണ് ഒലിച്ചുപോയി. പാലത്തിന്‍റെ സംരക്ഷണഭിത്തിയില്‍ വിള്ളലുണ്ടായിട്ടുണ്ട്. പുഴംകുനി ഉന്നതിയില്‍ വെള്ളംകയറി കബനി നദിയിൽ പ്രളയസാധ്യത മുന്നറിയിപ്പ് നല്‍കി.
എറണാകുളത്തും കനത്ത മഴയാണ്. പറവൂര്‍ കുന്നുകരയില്‍ വീടുകളില്‍ വെള്ളം കയറി. കോട്ടയം മീനച്ചിലാറില്‍ ജലനിരപ്പുയര്‍ന്നു. മൂവാറ്റുപുഴ, തൊടുപുഴ ആറുകളില്‍ ജലനിരപ്പ് ഉയരുന്നു. പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ട് തുറന്നു
ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കോതമംഗലം, ഇരിട്ടി താലൂക്കിലും അവധി. പ്രഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്.
സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീനത്തിലാണ് മഴ ശക്തമാകുന്നത്. ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും കടലേറ്റത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം നൽകി. 28 വരെ മഴ തുടരും.