സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുന്നു. ശക്തമായ മഴ അഞ്ച് ദിവസംകൂടി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. കോഴിക്കോട് കക്കയം ഡാമിന്‍റെ ഷട്ടര്‍ ഉയര്‍ത്തിയതോടെ കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഭാരതപ്പുഴയിലൂടെ അജ്ഞാത മൃതദേഹം ഒഴുകിപ്പോയി. പത്തനംതിട്ടയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് വിട്ടുപോകരുതെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. എറണാകുളത്ത് നാല് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. പള്ളിത്താഴത്ത് 20 വീടുകളില്‍ വെള്ളം കയറി.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പാലക്കാട്, പത്തനംതിട്ട, വയനാട്,ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത്. പാലക്കാട് സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും മാത്രമാണ് അവധി. മറ്റിടങ്ങളില്‍ പ്രഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ ബാധകമാണ്. നിലമ്പൂര്‍, ചേര്‍ത്തല, കുട്ടനാട് താലൂക്കിലും നാളെ അവധിയാണ്.